മൂന്നാർ: കോട്ടേജ് പരിസരത്ത് കഞ്ചാവ് നട്ടുവളർത്തിയ ഉടമ അറസ്റ്റിൽ. മൂന്നാർ ഇക്കാനഗറിൽ ലൈറ്റ് ലാന്റ് കോട്ടേജ് ഉടമ ഫ്രാൻസീസ് മിൽട്ടനെയാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. വിനോദസഞ്ചാരികൾക്ക് വില്പന നടത്താനാണ് ഫ്രാൻസീസ് മിൽട്ടൻ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയിരുന്നത്. ഇയാൾക്ക് ഗഞ്ചാവ് വിൽപന ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കുറഞ്ഞ നിരക്കിൽ മുറികൾ വാടയ്ക്ക് നൽകുന്ന ഇടമായതിനാൽ ലൈറ്റ് ലാന്റ് കോട്ടേജിൽ സഞ്ചാരികളുടെ തിരക്ക് ദിനതോറും വർദ്ധിച്ചുവന്നിരുന്നു. സൗകര്യങ്ങൾ കുറവാണെങ്കിലും അന്യസംസ്ഥാനത്തുനിന്നും നിരവധി ആളുകളാണ് കോട്ടേജിൽ താമസത്തിനായി എത്തിയിരുന്നത്. പലരും ദിവസങ്ങളോളം താമസിച്ചാണ് നാട്ടിലേക്ക് മടങ്ങാറുളളത്.. സംഭവം ശ്രദ്ധയിൽപ്പെട്ട മൂന്നാർ എസ്‌ഐ സാഗറും സംഘവും കോട്ടേജ് സംബന്ധിച്ചുള്ള അന്വേഷണം കഴിഞ്ഞ ദിവസം ആരംഭിക്കുകയും ചെയ്തു.
സന്ദർശകരുടെ തിരക്കേറാൻ കാരണമെന്തെന്ന് അന്വേഷിച്ചെത്തിയ സംഘം മുറികളും പരിസരവും പരിശോധന നടത്തവെയാണ് മുറികളിൽ തിരക്കേറാനുള്ള കാരണം കണ്ടെത്തിയത്. പരിസരങ്ങളിൽ നടത്തിയ പരിശോധനയിൽ മാസങ്ങളോളം പഴക്കമുള്ള കഞ്ചാവ് ചെടി നട്ടുവളർത്തിയതായി കണ്ടെത്തി. കോട്ടേജിന് സമീപത്തെ ഷെഡിൽ മൂന്നുവശവും ഓടുകൾകൊണ്ട് മറച്ചാണ് ചെടി വളർത്തിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.