കൊച്ചി: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ക്ഷമ പറഞ്ഞ നടന്‍ വിനായകന് അഭിനന്ദനങ്ങളുമായി എഴുത്തുകാരി ശാരദകുട്ടി. മികച്ച ഒരഭിനേതാവ് നല്ല ഒരു കഥാപാത്രത്തെ മനോഹരമായി, ഗംഭീരമായി അവതരിപ്പിച്ചതിന്റെ സന്തോഷം പങ്കു വെച്ച് അദ്ദേഹത്തെ അഭിനന്ദിച്ചതിന്റെ പിറ്റേന്ന് തന്നെ ചില പരസ്യ നിലപാടുകളുടെ പേരില്‍ ശക്തമായി എതിര്‍ക്കേണ്ടി വന്നപ്പോള്‍ വിഷമം തോന്നിയെന്ന് പറഞ്ഞ ശാരദകുട്ടി ഖേദം പ്രകടിപ്പിച്ച് മാപ്പു പറയുവാന്‍ കഴിയുമ്പോള്‍ മനുഷ്യര്‍ കൂടുതല്‍ വലുതാവുകയാണെന്നും കുറിച്ചു.
വിനായകന് ഇനിയും മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ശാരദകുട്ടി പറഞ്ഞു.
ഒരുത്തീ സിനിമയുടെ പ്രസ് മീറ്റില്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിനായകന്‍ ഖേദപ്രകടനവുമായെത്തിയത്. താന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് ഭാഷാപ്രയോഗത്തിന്മേല്‍ വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നതായി വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.



