കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം കോഴിക്കോട് സൗത്ത് ജില്ല നടത്തുന്ന ‘എനര്‍ജിയ’ 2022 ശില്പശാലയുടെ ഉദ്ഘാടനം എംഎല്‍എ പി.ടി.എ റഹീം നിര്‍വഹിച്ചു. ഊര്‍ജ സംരക്ഷണ, ഇ-മാലിന്യ നിര്‍മാര്‍ജ്ജന ശില്‍പശാലയാണ് എനര്‍ജിയ. വിദ്യാര്‍ത്ഥികള്‍ എന്‍ജിനീയറിങ് സ്ഥാപനങ്ങളില്‍ നിന്ന് നേടിയെടുക്കുന്ന നൈപുണ്യം സമൂഹത്തിന് ഉപകാരമാകുമ്പോഴാണ് അധ്യയന ലക്ഷ്യം പൂര്‍ത്തീകരിക്കുകയുള്ളൂവെന്ന് കുറ്റിക്കാട്ടൂര്‍ എ.ഡബ്ല്യു.എച്ച് എന്‍ജിനീയറിംഗ് കോളേജില്‍ നടന്ന ചടങ്ങില്‍ എംഎല്‍എ പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ ജില്ലയിലെ സൗത്ത് സോണില്‍പ്പെട്ട 74 സ്‌കൂളിലെ 225 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഇവിടെ നിന്ന് പരിശീലനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ കോളേജ് എന്‍.എസ്.എസിന്റെ സഹകരണത്തോടെ അതാത് സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പതിനായിരത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതാണ് പദ്ധതി. കേടായ എല്‍.ഇ.ഡി ബള്‍ബ് നിഷ്പ്രയാസം നന്നാക്കാനും നിര്‍മ്മിക്കാനും പരിശീലിപ്പിക്കുന്നുണ്ട്. എന്‍.എസ്.എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.കെ ഫൈസല്‍, ഡോ. എം.വി സബീന, ഡോ. ഷാഹിര്‍, ക്ലസ്റ്റര്‍ കോഡിനേറ്റര്‍ സില്ലി ബി.കൃഷ്ണന്‍, ഒ.കെ ഇസ്മയില്‍, ഡോ. നമൃത തുടങ്ങിയവര്‍ പങ്കെടുത്തു.



