കണ്ണൂര്‍ : വന്യമൃഗങ്ങളെ അകറ്റുന്നതിനും ചെടികള്‍ക്ക് പോഷകങ്ങള്‍ നല്‍കുന്നതിനും ഡ്രോണ്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുളള മരുന്നുതളിക്കലില്‍ പരിശീലനം തുടങ്ങി. കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേൃത്വത്തില്‍ മയ്യില്‍ റൈസ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നെല്ലിക്കപ്പാലം പാടശേഖരത്തിലെ വിത്തുഗ്രാമം പദ്ധതിയിലെ നെല്‍കൃഷിയിലാണ് ഇത് പരീക്ഷിക്കുന്നത്.
2022 ഫെബ്രുവരി 15ന് രാവിലെ 30 ഏക്കര്‍ പാടശേഖരത്തില്‍ മരുന്നുതളിക്കല്‍ പരിശീലനം നടന്നു. ജില്ലയില്‍ ഡ്രോണ്‍വഴിയുളള മരുന്നുതളിക്കല്‍ ആദ്യമായിട്ടാണ് നടത്തുന്നത്. ഈ പരീക്ഷണം വിജയിച്ചാല്‍ ജില്ലയിലെ മറ്റ്‌പാടശേഖരങ്ങളിലും ഈ രീതി പിന്തുടരും. ആറളം ഫാമിലെ 25 ഏക്കര്‍ മഞ്ഞള്‍ കൃഷിക്ക് ഡ്രോണ്‍ സാങ്കേതിക വിദ്യയിലൂടെ മരുന്നുതളിക്കല്‍ നടത്തിയിരുന്നു. പത്രപോഷണം വഴി കൂടുതല്‍ സ്ഥലത്ത് കുറഞ്ഞ സമയത്ത് ചെലവ് കുറച്ച് മരുന്ന തളിക്കാന്‍ പറ്റുമെന്നതാണ് ഇതിന്റെ മെച്ചം. കണ്ണൂര്‍ കൃഷി വിജ്ഞാന്‍ കേന്ദ്രം മേധാവി ഡോ. പി ജയരാജ് പറഞ്ഞു.
കാട്ടുപന്നി ,മുളളന്‍പന്നി, കുറങ്ങ്, മയില്‍ എന്നിവയെ പാടത്തുനിന്നും അകറ്റി നിര്‍ത്തുന്നതിനുളള ഹെര്‍ബോലിസ് പ്ലസും നെല്ലിന് സിങ്ക് കോപ്പര്‍ മഗ്നീഷ്യം എന്നിവ നല്‍കുന്ന ബോറോണുമാണ് ഡ്രോണിലൂടെ സ്‌പ്രേ ചെയ്യുന്നത്. ഒരേക്കറില്‍ മരുന്ന് തളിക്കുന്നിനുളള ഡ്രോണ്‍ വാടക 800 രൂപയാണ്. ഇതിനുപുറമേ മരുന്നിന്റെ ചെലവും വരും. ഒരേക്കറില്‍ മരുന്നുതളിക്കാന്‍ 10 മിനിട്ട് മതി.