ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി അശ്വനി കുമാര്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു. ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ. സര്‍ക്കാരില്‍ നിയമമന്ത്രിയായിരുന്നു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന അശ്വനി കുമാറിന്റെ രാജി കോണ്‍ഗ്രസിന് കനത്ത പ്രഹരമാണ്. കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യങ്ങള്‍ സംബന്ധിച്ച് നേതൃത്വത്തിനു കത്തയച്ച ജി-23 കൂട്ടായ്മയ്ക്കെതിരേ ശക്തമായി രംഗത്തുവന്ന നേതാക്കളില്‍ പ്രമുഖനാണ് അശ്വനി കുമാര്‍. വളരെ ആലോചിച്ചതിന് ശേഷമാണ് ഈ തീരുമാനം അറിയിക്കുന്നത്. നിലവിലെ സാഹചര്യങ്ങളോടും എന്റെ മാന്യതയോടും ചേര്‍ന്ന് നിന്നുകൊണ്ട് എനിക്ക് മനസിലാകുന്നത്, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുറത്തുനിന്നുകൊണ്ട് എനിക്ക് ദേശീയ വിഷയങ്ങളില്‍ ഇടപെടാന്‍ സാധിക്കും എന്നാണ്. അതുകൊണ്ട് തന്നെ, 46 കൊല്ലത്തെ പാര്‍ട്ടിയുമായുള്ള ബന്ധം വേര്‍പെടുത്തി രാജ്യത്തിന്റെ സേവന പ്രവര്‍ത്തനങ്ങളില്‍ സ്വാതന്ത്ര്യ സമര നേതാക്കള്‍ കാട്ടിയ അതേ ദിശയിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കും”- കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന ഭാവിനേതൃത്വം ജനാഭിലാഷങ്ങളുമായി യോജിച്ചു പോകുന്നതല്ലെന്നു രാഹുല്‍ ഗാന്ധിയെ സൂചിപ്പിച്ച് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.



