ദില്ലി: പഞ്ചാബി നടനും സാമൂഹ്യ പ്രവർത്തകനുമായ ദീപ് സിദ്ദു വാഹാനപകടത്തിൽ മരിച്ചു. ദില്ലിയിലെ കെ എം പി ഹൈവേയിലാണ് അപകടം നടന്നത്. ഡൽഹിയിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം വരികയായിരുന്നു ദീപ് സിദ്ധു. ഹരിയാനയിലെ കുണ്ഡ്‌ലി അതിർത്തിക്കടുത്തുള്ള സോനിപത് ജില്ലയിൽ, ഹൈവേയുടെ വശത്ത് നിർത്തിയിട്ടിരുന്ന ട്രോളിയിൽ അദ്ദേഹത്തിന്റെ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ദീപ് സിദ്ധുവിന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സോണിപത്തിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
കർഷക സമരത്തിനിടയിലെ ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാണ് ദീപ് സിദ്ദു.ചെങ്കോട്ടയിൽ പതാക ഉയർത്താൻ നേതൃത്വം നൽകിയെന്നായിരുന്നു ദീപ് സിദ്ധുവിന് എതിരായ ആരോപണം. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചശേഷം ചെങ്കോട്ടയിൽ കടന്ന ദീപ് സിദ്ദുവും സംഘവും അവിടെ സിഖ് പതാക ഉയർത്തിയത് വിവാദമായിരുന്നു. മൊബൈൽഫോൺ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് ഒളിവിലായിരുന്ന സിദ്ദുവിനെ കുടുക്കിയത്. ഒളിവിലിരുന്ന് വിദേശത്തുളള വനിതാസുഹൃത്ത് വഴി സമൂഹമാധ്യമങ്ങളിൽ ഇയാൾ വീഡിയോ പ്രചരിപ്പിച്ചിരുന്നു. ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ ദില്ലി പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ സംഘർഷങ്ങൾക്ക് പിന്നിൽ ദീപ് സിദ്ദുവാണെന്ന് കർഷക നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു. സിദ്ദുവിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം കർഷക നേതാക്കൾ ശക്തമായി അന്ന് ഉന്നയിച്ചു.
കലാപത്തിന് ആഹ്വാനം ചെയ്യൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് അന്ന് അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലായ സിദ്ദുവിനെ പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. നിലവിൽ കേസ് എൻ.ഐ.എ അന്വേഷിച്ചുവരികയാണ്. പഞ്ചാബിൽ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ദാരുണസംഭവം.
പഞ്ചാബിലെ മുക്ത്‌സർ സ്വദേശിയാണ് ദീപ് സിദ്ദു. നിയമപഠനത്തിന് ശേഷം പഞ്ചാബി സിനിമകളിലേക്ക് കടന്നു. വിജയ ഫിലിംസിന്റെ ബാനറിൽ നടൻ ധർമേന്ദ്ര നിർമ്മിച്ച പഞ്ചാബി ചിത്രമായ രാംത ജോഗിയിലൂടെയാണ് സിനിമാ ജീവിതം ആരംഭിച്ചത്. കിംഗ്ഫിഷർ മോഡൽ ഹണ്ടിൽ വിജയിയായ സിദ്ധു പിന്നീട് മിസ്റ്റർ ഗ്രാസിമിൽ പങ്കെടുത്തു. ഹേമന്ത് ത്രിവേദി, രോഹിത് ഗാന്ധി തുടങ്ങിയ ഡിസൈനർമാർക്കായി സിദ്ദു മുംബൈയിൽ റാംപിൽ നടന്നിട്ടുണ്ട്. എന്നാൽ മോഡലിംഗിൽ കാര്യമായി വിജയിച്ചില്ല. പിന്നീട് നിയമപഠനത്തിന് ശേഷം അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. സഹാറ ഇന്ത്യ നിയമോപദേശകനായി. അതിനുശേഷം അദ്ദേഹം ഒരു ബ്രിട്ടീഷ് നിയമ സ്ഥാപനത്തിൽ ജോലി ചെയ്തു. മൂന്നര വർഷം ബാലാജി ടെലിഫിലിംസിൻറെ നിയമപരമായ തലവനായി. അതേ സമയമാണ് ദീപ് സിദ്ധു അഭിനയത്തിലേക്ക് എത്തിയത്.
2019ൽ രാഷ്ട്രീയത്തിൽ സജീവമായി. 2015-ൽ രംതാ ജോഗി എന്ന ചിത്രത്തിലൂടെയാണ് ദീപ് സിദ്ദു സിനിമാരംഗത്തേക്ക് എത്തുന്നത്. നടനാണ്, ഒപ്പം സാമൂഹ്യ പ്രവർത്തകനുമാണ് സിദ്ദു . സണ്ണി ഡിയോളിന്റെ അടുത്ത അനുയായി ആയിരുന്നു ദീപ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് സണ്ണിയുടെ ഒപ്പമുണ്ടായിരുന്നു മുഴുവൻ സമയവും. റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തിൻറെ ദൃശ്യങ്ങളും ചെങ്കോട്ടയിലെ കൊടിയുയർത്തൽ ദൃശ്യങ്ങളും പുറത്ത് വന്നതിന് പിന്നാലെ, സിദ്ദുവും സണ്ണി ഡിയോളും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒന്നിച്ച് നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു



