ന്യൂയോര്‍ക്ക്: ഒമിക്രോണ്‍ വകഭേദത്തിന്റെ തന്നെ പുതിയ രൂപം ആദ്യത്തേതിനേക്കാള്‍ വ്യാപനശേഷിയുള്ളതാണെന്നു പഠനം. ഒമിക്രോണിന്റെ ആദ്യരൂപം നല്‍കുന്ന പ്രതിരോധശേഷിയെ മറികടക്കുന്നതാണിതെന്നും കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനത്തില്‍ പറയുന്നു. ഒമിക്രോണ്‍ വകഭേദം നല്‍കുന്ന പ്രതിരോധശേഷി വഴി കോവിഡ് വ്യാപനത്തിന് അന്ത്യമാകുമെന്ന വിലയിരുത്തലിനെ സംശയനിഴലില്‍ ആക്കുന്നതാണു പുതിയ പഠനം.ഒമിക്രോണ്‍ വകഭേദം വഴി ലഭിക്കുന്ന പ്രതിരോധശേഷി കൂടുതല്‍ രോഗവ്യാപന സാധ്യതയുള്ള അടുത്ത വകഭേദത്തെ തടയാന്‍ പര്യാപ്തമല്ലെന്നും ഈ സാഹചര്യത്തില്‍ കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസിനു പ്രാധാന്യം ഏറെയാണെന്നും ഗവേഷകര്‍ പറയുന്നു. ഒമിക്രോണ്‍ വകഭേദത്തിന്റെ രണ്ടാം തലമുറ കൂടുതല്‍ വ്യാപനശേഷിയുള്ളതാണെന്ന് യു.കെയില്‍ നടത്തിയ പഠനത്തിലും കണ്ടെത്തി.



