കൊച്ചി: ലഹരി മരുന്നുമായി പിടിയിലായ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. 50,000 രൂപയുടെ ബോണ്ടും തുല്ല്യ തുകയ്‌ക്കുളള രണ്ട് ആള്‍ ജാമ്യവുമാണ് വ്യവസ്ഥ. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി കോഴിക്കോട് സ്വദേശി അക്വില്‍ മുഹമ്മദ് ഹുസൈന്‍ ആണ് ലഹരിമരുന്നുമായി പിടിക്കപ്പെട്ടത്. അന്വേഷണം തുടരാന്‍ പ്രതി കസറ്റഡിയില്‍ തുടരേണ്ടതില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്
ശനിയാഴ്‌ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുമ്പില്‍ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കുകയോ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്. പാസ്‌പോര്‍ട്ട് ഹാജരാക്കണം. എന്നീ വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കളളക്കേസില്‍ കുടുക്കിയതാണെന്നും കസറ്റഡിയില്‍ തുടര്‍ന്നാല്‍ തന്‍റെ മെഡിക്കല്‍ കരിയര്‍ നശിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് അക്വില്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് പ്രതിയെന്നതും, ക്രിമിനല്‍ പാശ്ചാത്തലമില്ലെന്നതും ഹൈക്കോടതി കണക്കിലെടുത്തു.
എംഡിഎംഎ വിഭാഗത്തില്‍ പെട്ട 2.78 ഗ്രാം ലഹരി മരുന്നും ഒരു എല്‍എസ്‌ഡി സ്റ്റാമ്പും പിടികൂടിയതിനെ തുടര്‍ന്നാണ് അക്വിലിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. 2022 ജനുവരി 17നായിരുന്നു അറസറ്റ്.



