റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി: നവകേരളം കര്‍മ്മ പദ്ധതിയുടെ രണ്ടാം ഭാഗം ഏകലോകം – ഏകാരോഗ്യം ജില്ലയില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ജില്ല കലക്ടര്‍ ഷീബ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ ആര്‍ദ്ദ്രം ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായി ആലോചനാ യോഗം നടത്തി. ത്രിതല പഞ്ചായത്തുകള്‍, സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, പ്രകൃതി സംരക്ഷകര്‍, മറ്റ് സിവില്‍ സൊസൈറ്റി എന്നിവരുടെ പങ്കാളിത്തത്തോടെ നടപ്പാക്കണം. എല്ലാ വിഭാഗങ്ങളുടേയും സഹകരണം ബൃഹത്തായ ഏകാരോഗ്യ സങ്കല്‍പ്പം വിജയിപ്പിക്കാന്‍ ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. മനുഷ്യനും, മൃഗങ്ങളും, സസ്യങ്ങളും പ്രകൃതിയെ ഒന്നിച്ചുകൊണ്ടുപോകേണ്ട ആവശ്യകതയെക്കുറിച്ച് ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് സംസാരിച്ചു. ലോകാരോഗ്യ സംഘടന പ്രതിനിധി സതീഷ് ഏകാരോഗ്യ പദ്ധതി നിലവിലുളള ആരോഗ്യ പദ്ധതിയുടെ ബദല്‍ പദ്ധതി അല്ലായെന്നും നിലവിലുളള ആരോഗ്യ സംവിധാനത്തോട് ഒന്നിച്ചുപോകേണ്ട ആശയമാണെന്നും വിശദമാക്കി. റീ ബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി ഏകാരോഗ്യം പമ്പാ തീര ജില്ലകളായ പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലാണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി നടപ്പിലാക്കുന്നത്. നാല് കാര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടാണ് ആദ്യ ഘട്ടം നടപ്പിലാക്കുന്നത്.    മൃഗജന്യ രോഗങ്ങള്‍, ആന്റിമൈക്രോബയല്‍ റെസിസ്റ്റന്‍സ് (സൂക്ഷ്മാണു പ്രതിരോധം), ഫുഡ് സേഫ്റ്റി ആന്റ് സെക്യൂരിറ്റി(ഭക്ഷ്യ ശുദ്ധിയും സുരക്ഷയും), എന്‍വിയോണ്‍മെന്റല്‍ കണ്ടാമിനേഷന്‍ ആന്റ പ്രൊട്ടക്ഷന്‍ (പരിസ്ഥതി മലിനീകരണവും തടയലും) എന്നിവയാണവ. 

മനുഷ്യനേയും മറ്റു ജന്തുജാലങ്ങളേയും സസ്യങ്ങളേയും പ്രകൃതിയെ ആകെ തന്നെയും ലക്ഷ്യമിട്ടുള്ള ഏകാരോഗ്യം എന്ന ആശയം കേരളത്തില്‍ അവതരിപ്പിക്കുന്നതിനും ഏറ്റെടുത്ത് നടത്തുന്നത് ആലോചിക്കുന്നതിനുമാണ് യോഗം ചേര്‍ന്നത്. വ്യാപകമായ നിരീക്ഷണവും കാലേക്കൂട്ടിയുള്ള രോഗ സാന്നിദ്ധ്യ കണ്ടെത്തലും പ്രാദേശികമായ ഇടപെടലിലൂടെയും മാത്രമേ രോഗ വ്യാപനം നിയന്ത്രിക്കാന്‍ കഴിയുകയുള്ളുവെന്ന് യോഗത്തില്‍ സതീഷ് അഭിപ്രായപ്പെട്ടു. ആശയം പ്രാവര്‍ത്തികമാക്കുന്നതിന് സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും താഴെത്തട്ടിലുള്ള ജനങ്ങളെവരെ ബോധവല്‍ക്കരിക്കുന്നതിന് വിശദമായ നിര്‍വ്വഹണ രൂപരേഖ (ഡിറ്റെയ്ല്‍ഡ് ഇന്‍പ്ലിമെന്റേഷന്‍ പ്ലാന്‍) മാര്‍ച്ചില്‍ തയ്യാറാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

ലോകാരോഗ്യ സംഘടന, ഫുഡ് & അഗ്രികള്‍ചറല്‍ ഓര്‍ഗനൈസേഷന്‍,  ലോക മൃഗാരോഗ്യ സംഘടന തുടങ്ങിയ അന്തരാഷ്ട്ര ഏജന്‍സികള്‍ ഏകാരോഗ്യ സങ്കല്‍പം മുഖ്യലക്ഷ്യമായി ഏറ്റെടുത്തിട്ടുണ്ട്. ഏകാരോഗ്യ പ്രവര്‍ത്തനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ജനുവരി അവസാന വാരം മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ജനപ്രതിനിധികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പരിസ്ഥിതി സംരക്ഷണ സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാര്‍ത്ഥി സമൂഹം എന്നിവരിലേക്ക് ആശയം എത്തിച്ച് നടപ്പാക്കുകയാണ് ലക്ഷ്യം. 

മനുഷ്യനും മൃഗങ്ങളും ഇട കലര്‍ന്ന ജീവിക്കുന്ന സാഹചര്യത്തില്‍ കോവിഡിന്റെ പാശ്ചാത്തലത്തില്‍ പുതുതായി ഉണ്ടായേക്കാവുന്ന ജന്തു ജന്യ രോഗങ്ങളെ മുന്‍കൂട്ടി കണ്ടെത്തുകയും, തടയുകയും പൊട്ടിപ്പുറപ്പെട്ടാല്‍ ഫലപ്രദമായി നിയന്ത്രിക്കാനുള്ള മാനദണ്ഡം പ്രാദേശിക, ജില്ലാ തലങ്ങളില്‍ രൂപപ്പെടുത്തും. വൈറസ്, ബാക്ടീരിയ, സൂക്ഷ്മാണു ജന്യ മനുഷ്യ-മൃഗ ജന്യ പകര്‍ച്ചവ്യാധികള്‍, ഭക്ഷ്യ ശുദ്ധി, പ്രകൃതി സംരക്ഷണം എന്നിവയ്ക്കാണ് ജില്ലയില്‍ പ്രാഥമിക ഘട്ടത്തില്‍ ഊന്നല്‍ നല്‍കുന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഓണ്‍ലൈന്‍ യോഗത്തിന് ആര്‍ദ്ദ്രം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ. കെ. ഖയസ് മോഡറേറ്ററായി. തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികള്‍ ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *