പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ ചെന്നൈയിന്‍ എഫ്.സിയെ 3-0 ത്തിനാണു തോല്‍പ്പിച്ചത്.മുംബൈ സിറ്റിക്കെതിരേ കളിച്ച അതേ 4-4-2 ഫോര്‍മേഷനിലാണു ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകമാനോവിച് ഇറക്കിയത്.
ചെന്നൈയിന്‍ കോച്ച് ബോസിദാര്‍ ബാന്‍ഡോവിച് 5-3-2 ഫോര്‍മേഷനാണു താല്‍പര്യപ്പെട്ടത്. സ്റ്റാര്‍ട്ടിങ് ഇലവനില്‍ മാറ്റമുണ്ടാകാതിരുന്നതിന്റെ ഗുണം പത്താം മിനിറ്റില്‍ തന്നെ കിട്ടി. പ്യൂടിയ നല്‍കിയ ലോബ് ബോള്‍ കാല്‍ക്കലാക്കി മുന്നേറിയ പെരേര ഡിയസ് ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്തിന് അവസരം നല്‍കാതെ വലയിലാക്കി. തുടര്‍ന്നു ഹൈ പ്രസിങ് ഗെയിമിലൂടെ ബ്ലാസ്റ്റേഴ്സ് മത്സരം കൈയടക്കി. ചെന്നൈയിനെ കളി നിയന്ത്രിക്കാന്‍ അനുവദിക്കാതിരിക്കുകയായിരുന്നു തന്ത്രം.
ചെന്നൈയിന്റെ ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ക്കു ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ ഗില്ലിനെ കീഴടക്കാനായില്ല. 39-ാം മിനിറ്റില്‍ സഹല്‍ അബ്ദുല്‍ സമദിലൂടെ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളുമടിച്ചു. സഹലിന്റെ ആദ്യ ഷോട്ട് ചെന്നൈയിന്‍ പ്രതിരോധത്തില്‍ തട്ടി. റീബൗണ്ടില്‍ മലയാളി താരത്തിനു പിഴച്ചില്ല. സഹലിന്റെ സീസണിലെ മൂന്നാം ഗോളാണിത്.ഒന്നാം പകുതിയുടെ അവസാന മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഒരു സുവര്‍ണാവസരം ലഭിച്ചിരുന്നു. സഹലിന്റെ പാസുമായി ഒറ്റയ്ക്കു കുതിച്ച വാസ്‌കസിന്റെ ഷോട്ട് ഗോള്‍ കീപ്പറിന്റെ കൈകളിലേക്കായി. രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് മികച്ച രീതിയില്‍ തുടങ്ങി. 79-ാം മിനിറ്റില്‍ ചെന്നൈയിന്റെ പോരാട്ടം അവസാനിപ്പിച്ച മൂന്നാം ഗോളും വീണു. അഡ്രിയാന്‍ ലൂണയുടെ ഒരു ബുള്ളറ്റ് സ്ട്രൈക്ക് വല തുളച്ചു. ലൂണയുടെ മിന്നല്‍ ഷോട്ട് വിശാല്‍ കെയ്ത് കണ്ടു പോലുമില്ല. ബ്ലാസ്റ്റേഴ്സ് 12 പോയിന്റുമായി മൂന്നാം സ്ഥാനത്ത് എത്തി. രണ്ടാമതുള്ള ജംഷഡ്പുരിനും 12 പോയിന്റാണ്. ഗോള്‍ വ്യത്യാസത്തില്‍ ബ്ലാസ്റ്റേഴ്സും ജംഷദ്പൂരും ഒപ്പമാണ്. കൂടുതല്‍ ഗോളിന്റെ മികവിലാണു ജംഷദ്പൂര്‍ രണ്ടാമതായത്. 26 നു നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സും ജംഷഡ്പുരും തമ്മില്‍ ഏറ്റുമുട്ടും. അതില്‍ ജയിക്കുന്നവര്‍ രണ്ടാംസ്ഥാനത്ത് ഉറച്ചിരിക്കും.




