മുസാഫര്‍നഗര്‍: ലഹരിമരുന്ന് നല്‍കി മയക്കി ഉത്തര്‍പ്രദേശിലെ രണ്ട് സ്‌കൂളുകളില്‍ 17 വിദ്യാര്‍ത്ഥിനികള്‍ക്ക് പരീക്ഷഹാളില്‍ പീഡനം. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് എന്ന വ്യാജേനയാണ് 10ാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ 17 കുട്ടികളെ പീഡിപ്പിച്ചത്. സംഭവത്തില്‍ രണ്ട് സ്‌കൂള്‍ മാനേജര്‍മാര്‍ക്കെതിരെ കേസെടുത്തു. പുര്‍കാജിയിലെ സൂര്യ ദേവ് പബ്ലിക് സ്‌കൂള്‍ മാനേജര്‍ യോഗേഷ് കുമാര്‍, ജിജിഎസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജര്‍ അര്‍ജുന്‍ സിംഗ് എന്നിവര്‍ക്കെതിരെയാണ് കേസ്. പോക്സോയും ഐപിസി പ്രകാരം മറ്റ് ബന്ധപ്പെട്ട കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. നവംബര്‍ 18നാണ് കേസിനാസ്പദമായ സംഭവം. ജിജിഎസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രാത്രിയില്‍ കുട്ടികളോട് താമസിക്കാന്‍ നിര്‍ദേശിച്ച മാനേജര്‍മാര്‍ രാത്രിയില്‍ അവര്‍ക്ക് ഭക്ഷണത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി. വനിതാ അധ്യാപകരാരും ഈ സമയം സ്‌കൂളില്‍ ഉണ്ടായിരുന്നില്ല.
സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആരോപിക്കുന്നു. സ്‌കൂള്‍ മാനേജര്‍മാരെ രക്ഷിക്കാനാണ് പോലീസ് കൂട്ടുനിന്നത്. വാര്‍ത്ത പുറത്തുവിട്ട പ്രദേശിക മാധ്യമപ്രവര്‍ത്തകനെതിരെ സ്‌കൂള്‍ മാനേജര്‍മാരോകൊണ്ട് പോലീസ് പരാതി കൊടുപ്പിച്ചു. 17 ദിവസത്തിനു ശേഷം സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എ പ്രമോദ് ഉത്വായി ഇടപെട്ടതോടെയാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായതെന്നും അന്വേഷണം നടത്തുന്നതെന്നും രക്ഷിതാക്കള്‍ പറയുന്നു.



