പുതിയ വാക്‌സിനുണ്ടാക്കാന്‍ തയ്യാറെന്ന് ഓക്സ്ഫഡ് സര്‍വകലാശാലയും സിറം ഇന്‍സ്റ്റിറ്റ്യൂട്ടും

ലണ്ടന്‍: ജനിതകമാറ്റം സംഭവിച്ച കൊറോണാ െവെറസ് ഒമിക്രോണിനെ പ്രതിരോധിക്കാന്‍ നിലവിലെ വാക്സിനുകള്‍ക്കു സാധിക്കില്ലെന്നതിനു തെളിവില്ലെന്ന് ഓക്സ്ഫഡ് സര്‍വകലാശാല. ആവശ്യമെങ്കില്‍ ഫാര്‍മ വമ്പന്‍മാരായ അസ്ട്ര സെനകയുമായി ചേര്‍ന്ന് പരിഷ്‌കരിച്ച വാക്സിന്‍ പുറത്തിറക്കാന്‍ സജ്ജമാണ്. അതിനു വലിയ കാലതാമസം വേണ്ടിവരില്ലെന്നും സര്‍വകലാശാല ഇന്നലെ വ്യക്തമാക്കി.വൈറസിന്റെ പുതിയ വകഭേദത്തിനു ഇപ്പോള്‍ വിപണിയിലുള്ള വാക്സിനുകളുടെ പ്രതിരോധം ഭേദിക്കാന്‍ ശേഷിയുണ്ടെന്ന് മരുന്നു നിര്‍മാണ കമ്പനിയായ മെഡേണ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഓക്സ്ഫഡ് സര്‍വകലാശാലയുടെ വിശദീകരണം. ഒമിക്രോണിനെ സംബന്ധിച്ച് പരിമിതമായ വിവരങ്ങള്‍ മാത്രമാണ് പുറത്തുവന്നിരിക്കുന്നതെന്ന് സര്‍വകലാശാല പറയുന്നു. വ്യാപനശേഷി താരതമ്യേനെ കൂടുതലാണെന്നു വ്യക്തമായിട്ടുണ്ട്. പ്രഹരശേഷിയും ആഘാതവും അടക്കമുള്ള വിഷയങ്ങളില്‍ വ്യക്തത വരണമെങ്കില്‍ കൂടുതല്‍ പഠനങ്ങള്‍ അനിവാര്യമാണ്. കടുത്ത കോവിഡ് ബാധിതരില്‍പ്പോലും നിലവിലെ വാക്സിനുകള്‍ ഏറെ ഫലപ്രദമാണ്. ഡെല്‍റ്റ അടക്കമുള്ള വകഭേദങ്ങളെ ചെറുക്കാന്‍ നിലവിലെ വാക്സിനുകള്‍ക്കു ശേഷിയുണ്ട്. ഒമിക്രോണ്‍ അതില്‍നിന്നു ഭിന്നമാണെന്നതിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും ഓക്സ്ഫഡ് സര്‍വകലാശാല പത്രക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം, ഒമിക്രോണിനെ നേരിടാന്‍ കോവിഷീല്‍ഡിന്റെ പ്രത്യേക ബൂസ്റ്റര്‍ ഡോസ് പരീക്ഷിക്കാവുന്നതേയുള്ളൂവെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ അദാര്‍ പുനാവാലെ. പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ഓക്സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകരും പരീക്ഷണവുമായി മുന്നോട്ടാണ്. അവരുടെ കണ്ടെത്തല്‍ അടിസ്ഥാനമാക്കി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അനുയോജ്യമായ വാക്സിന്‍ വികസിപ്പിക്കും.കോവിഷീല്‍ഡിന്റെ ഗുണമേന്മ വളരെ ഉയര്‍ന്നതാണെന്നാണ് ലാന്‍സെറ്റില്‍ വന്ന റിപ്പോര്‍ട്ട്. ആശുപത്രി കേസുകളും മരണവും കുറയ്ക്കാന്‍ കഴിയുന്നുണ്ട്.കാലം കഴിയുംതോറും വാക്സിന്റെ ക്ഷമത കുറയുമെന്ന വാദത്തിനു യുക്തി ഇല്ല.ബൂസ്റ്റര്‍ ആവശ്യമെങ്കില്‍ ആവശ്യത്തിനു ഡോസ് നല്‍കാം. പഴയ തുകയ്ക്കു തന്നെ ലഭ്യമാക്കാമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം