മമത ബാനര്‍ജി എല്ലാ ഭീകരരുടെയും രാഷ്ട്രീയ മാതാവെന്ന് ബിജെപി നേതാവ്: പരാമര്‍ശം വിവാദത്തില്‍

ന്യുഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ രാജ്യത്തെ എല്ലാ ഭീകരരുടെയും രാഷ്ട്രീയ മാതാവെന്ന് ആക്ഷേപിച്ച് ബിജെപി നേതാവ് സൗമിത്ര ഖാന്‍. അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്) അധികാര പരിധി 15 കിലോമീറ്ററില്‍ നിന്ന് 50 കിലോമീറ്ററായി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സാഹചര്യത്തിലാണ് വിമര്‍ശനം. അവര്‍ രാജ്യത്തെ എല്ലാ ഭീകരവാദികളുടെയും മാതാവാണ്. കാരണം, പാര്‍ലമെന്റ് പൗരത്വ ഭേദഗതി നിയമം പാസാക്കിയപ്പോള്‍ അവര്‍ അതിനെ എതിര്‍ത്തു. ദേശീയ പൗരത്വ രജിസ്ററ്ര് പാസാക്കിയപ്പോഴും അവര്‍ എതിര്‍ത്തു. അവര്‍ ഇന്ത്യയെ ധര്‍മ്മശാല ആക്കാനാണ് ശ്രമിക്കുന്നത്. റൊഹിന്‍ഗ്യകള്‍ക്ക് ഇന്ത്യയില്‍ കടന്നുവന്ന് ജനങ്ങളെ കൊല്ലാനും സര്‍ക്കാര്‍ പണം കൊള്ളയടിക്കാനുമുള്ള ധര്‍മ്മശാലയാണോ ഇന്ത്യയെന്നും അദ്ദേഹം ചോദിക്കുന്നു. മമത ബാനര്‍ജിയുടെ കത്ത് പരിഗണിക്കരുതെന്നും ബംഗാളിനെ നശിപ്പിച്ച പോലെ അവര്‍ രാജ്യം നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സൗമിത്ര ഖാന്‍ പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം