പ്രധാനമന്ത്രി വത്തിക്കാനിലെത്തി

വത്തിക്കാൻ സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിലെത്തി. ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച ആരംഭിച്ചതായാണ് റിപ്പോർട്. മോദിക്കൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നുണ്ട്. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിനിധി തല ചർച്ച നടക്കും.

12 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി റോമിലെത്തുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ ഇറ്റലി സന്ദർശനം കൂടിയാണിത്.

പ്രധാനമന്ത്രിയെ പോപ്പിനെ ഇന്ത്യയിലേക്കും ക്ഷണിച്ചേക്കുമെന്നും സൂചനകളുണ്ട്. ജി-20 സമ്മേളനത്തില്‍ പങ്കെടുക്കാനായിട്ടാണ് മോദി കഴിഞ്ഞ ദിവസം റോമിലെത്തിയത്.

30,31 തീയ്യതികളിലായിട്ടാണ് സമ്മേളനം നടക്കുന്നത്. ഇറ്റലി പ്രധാനമന്ത്രി മാരിയോ ദരാഗിയുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥ വ്യതിയാനവും സമ്മേളനത്തിൽ പ്രധാനചർച്ചയാവും.

കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ജി-20 സമ്മേളനത്തിൽ സാമ്പത്തിക പുരോഗതിക്ക് വേണ്ടിയുള്ള നിർദേശങ്ങളും പ്രധാനമന്ത്രി പങ്കുവെക്കും.

Share
അഭിപ്രായം എഴുതാം