റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ: രണ്ടാംദിനവുംം കനത്ത നഷ്ടത്തില്‍ വ്യാപാരമവസാനിപ്പിച്ച് വിപണി. നിക്ഷേപകര്‍ റിസ്‌കെടുക്കാനുള്ള താല്‍പ്പര്യം കുറച്ച് വ്യാപകമായ വില്‍പ്പനയിലേക്ക് കടന്നതോടെ ഓഹരി സൂചികകള്‍ രേഖപ്പെടുത്തിയത് ഏകദേശം രണ്ടുശതമാനത്തോളം ഇടിവ്. സെന്‍സെക്സ് 1.9 ശതമാനം ഇടിഞ്ഞ് 59,984.7 പോയിന്റില്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 1.9 ശതമാനം ഇടിഞ്ഞ് 17,857.25 ല്‍ ക്ലോസ് ചെയ്തു. ഏപ്രില്‍ മാസമാദ്യമുണ്ടായ ഇടിവിനുശേഷം ഇത്രയും താഴ്ന്നത് ഇന്നലെയാണ്.ബാങ്ക്, മെറ്റല്‍, റിയാല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍, ഫാര്‍മ എന്നീ വിഭാഗങ്ങളിലെ ഓഹരികളിലെ വില്‍പന സമ്മര്‍ദമാണ് സൂചികകളെ പ്രധാനമായും ബാധിച്ചത്. ഒക്ടോബറിലെ ഫ്യൂച്ചര്‍ കരാറുകള്‍ അവസാനിക്കുന്ന ദിവസം കൂടിയായതിനാല്‍ നഷ്ടം കനത്തതായി.വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വന്‍തോതിലുള്ള വില്‍പ്പനയും നൊമുറയ്ക്കും യു.ബി.എസിനും പിന്നാലെ മോര്‍ഗാന്‍ സ്റ്റാന്‍ലി ഇന്ത്യന്‍ ഇക്വിറ്റീസിനെ ഡൗണ്‍ഗ്രേഡ് ചെയ്തതുമാവാം ഇടിവിനു പ്രധാന കാരണങ്ങളെന്ന് ഓഹരി വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ഐ.പി.ഒ. മാര്‍ക്കറ്റ് സജീവമാകുന്നതും അടുത്ത ഏതാനും ആഴ്ചകളില്‍ ഓഹരി വിപണിയിലെ പണലഭ്യതയെ സ്വാധീനിക്കാനിടയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നൈക, പേടിഎം, പോളിസി ബസാര്‍ തുടങ്ങി പ്രമുഖ കമ്പനികളുടെ ഐ.പി.ഒയാണ് നടക്കുന്നത്. നൈകയും പേടിഎം കൂടി മാത്രം 24,000 കോടി രൂപ സമാഹരണ ലക്ഷ്യത്തോടെയാണ് വരുന്നത്. ഇവയില്‍ പണം നിക്ഷേപിക്കാന്‍ വേണ്ടി നിക്ഷേപക സ്ഥാപനങ്ങള്‍ തിരക്കുകൂട്ടുമ്പോള്‍ സെക്കന്‍ഡറി മാര്‍ക്കറ്റില്‍ വില്‍പ്പന സമ്മര്‍ദ്ദം പ്രകടനമാകും. അതുപോലെ പണലഭ്യത കുറയാനുമിടയാകും. കേന്ദ്രബാങ്കുകളുടെ പണനയങ്ങള്‍ പുറത്തുവരാനിരിക്കേ ഏഷ്യന്‍, യൂറോപ്പ് ഓഹരി വിപണികളും ശ്രദ്ധയോടെയാണ് നീങ്ങുന്നത്. കഴിഞ്ഞ എട്ട് വ്യാപാര സെഷനിലിടെ നിക്ഷേപകരുടെ 14 ലക്ഷം കോടി രൂപയാണ് ഒലിച്ചുപോയത്. അതില്‍ കഴിഞ്ഞദിവസം മാത്രം 4.75 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *