മലപ്പുറം: മലപ്പുറം ഡിപ്പോയിൽ നിന്ന് മൂന്നാറിലേക്ക് വിനോദ സഞ്ചാരികൾക്ക് വേണ്ടി ടൂർ പാക്കേജ് നടപ്പിലാക്കിയത് വൻ ഹിറ്റായതോടെ ഹൈടെക്ക് ബസുകളെത്തിക്കാനൊരുങ്ങി കെഎസ്ആർടിസി. ഗരുഡ ലക്ഷ്വറി ഹൈടെക്ക് ബസുകളാണ് ഉല്ലാസയാത്രക്കായി സജ്ജമാക്കാൻ പദ്ധതിയുള്ളത്. എല്ലാ ശനിയാഴ്ചകളിലും ഉച്ചക്ക് ഒരുമണിക്ക് മലപ്പുറം ഡിപ്പോയിൽ നിന്നാരംഭിച്ച് രാത്രി 7.30ന് മൂന്നാറിലെത്തുന്ന തരത്തിലാണ് ഉല്ലാസയാത്ര ഒരുക്കിയത്. എന്നാൽ പ്രതീക്ഷിച്ചതിലും കൂടുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്തതോടെ പദ്ധതി വിപുലീകരിച്ചിരുന്നു.
ശക്തമായ മഴ മുന്നറിയിപ്പുണ്ടായിരുന്ന 21നൊഴികെ മറ്റെല്ലാ ദിവസങ്ങളിലും മലപ്പുറം ഡിപ്പോയിൽ നിന്ന് മൂന്നാറിലേക്ക് സർവീസ് നടത്തി. മിക്ക ദിവസങ്ങളിലും രണ്ട് ബസുകളാണ് സർവീസ് നടത്തുന്നത്. മൂന്നാറിലെത്തുന്ന യാത്രാ സംഘത്തിന് രാത്രി ഡിപ്പോയിലെ സ്ലീപ്പർ കോച്ചിലാണ് ഉറക്കം.
കെഎസ്ആർടിസി സൈറ്റ് സീയിംഗ് ബസിൽ കറങ്ങി മൂന്നാറിലെ കാഴ്ചകൾ കണ്ടശേഷം പിറ്റേന്ന് വൈകുന്നേരം ആറിന് മലപ്പുറത്തേക്ക് മടങ്ങുന്ന രീതിയിൽ സജ്ജീകരിച്ച യാത്രക്ക് മൂന്ന് പാക്കേജുകളാണുള്ളത്. സൂപ്പർഫാസ്റ്റ് ബസിന് ഒരാൾക്ക് 1,000 രൂപയും ഡീലെക്സിന് 1,200ഉം എ.സി ലോ ഫ്ളോറിന് 1,500 രൂപയുമാണ് നിരക്ക്. താമസത്തിനുള്ള 100 രൂപ, സൈറ്റ് സീയിംഗ് ബസിനുള്ള 200 രൂപ അടക്കമാണിത്. പ്രവേശന ഫീസും ഭക്ഷണ ചെലവും യാത്രക്കാർ വഹിക്കണം