കൂട്ടിക്കല്‍: കൂട്ടിക്കല്‍ കാവാലിയില്‍ ഉരുള്‍ പൊട്ടലില്‍ കൊല്ലപ്പെട്ട ഒരു കുടുംബത്തിലെ 6 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ഒട്ടലാങ്കല്‍ വട്ടാളക്കുന്നേല്‍ മാര്‍ട്ടിന്‍(48),അമ്മ ക്ലാരമ്മ(65),ഭാര്യ സിനി (45), മക്കളായ സ്‌നേഹ(14), സോന(12),സാന്ദ്ര(10) എന്നിവരുടെ മൃതദേഹങ്ങളാണ് കാവാലി സെന്റ് മേരീസ് പളളിയില്‍ രണ്ടുകല്ലറകളിലായി സംസ്‌കരിച്ചത്.
2021 ഒക്ടോബര്‍ 16 ശനിയാഴ്‌ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു കാവാലിയില്‍ ഉരുള്‍ പൊട്ടിയത്. മഴകനത്തതോടെ അപകട സാധ്യത തിരിച്ചറിഞ്ഞ് ക്യാമ്പിലേക്ക് മാറാന്‍ കുടുംബം ഒരുങ്ങുന്നതിനിടെയായിരുന്നു ദുരന്തം. ക്ലാരമ്മ, സിനി, സോനഎന്നിവരുടെ മൃതദേഹങ്ങള്‍ ശനിയാഴ്‌ചയും, മാര്‍ട്ടിന്‍ ,സ്‌നേഹ,സാന്ദ്ര എന്നിവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്‌ചയുമാണ് കണ്ടെടുത്തത്.
ഉരുള്‍ പൊട്ടലില്‍ ഇവരുടെ വീട് പൂര്‍ണമായി തകര്‍ന്നു. പളളിയിലായിരുന്നു മൃതദേഹങ്ങള്‍ പൊതു ദര്‍ശനത്തിന് വെച്ചത്. .പോസ്‌റ്റ് മോര്‍ട്ടത്തിനുശേഷം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ഒക്ടോബര്‍ 18ന് ഉച്ചക്ക് 12.30 ഓടെ പളളിയില്‍ എത്തിച്ചു. സംസ്‌കാര ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രിമാരായ വി.എന്‍ വാസവന്‍, ,കെ രാധാകൃഷ്‌ണന്‍ എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.



