ന്യൂഡല്‍ഹി: ഇന്ന് അന്തര്‍ദേശീയ ദേശാടന പക്ഷിദിനം ആചരിക്കുകയാണ്. മറ്റു ദിനാചരങ്ങള്‍ പോലെ ഓരോ വര്‍ഷവും ദേശാടന പക്ഷി ദിനവും ആചരിക്കുന്നത് ഒരു സന്ദേശം മുന്നോട്ടു വച്ചാണ്. 2021ലെ ലോക ദേശാടന പക്ഷി ദിനത്തിന്റെ വിഷയം തന്നെ, ‘പാടാം, ഉയര്‍ന്നു പറക്കാം ഒരു പക്ഷിയെപ്പോലെ’! എന്നാണ്. ഒരു ദേശത്തു നിന്നും മുട്ടയിടാനും മറ്റും മറ്റൊരു ദേശത്തേക്ക് പറക്കുന്ന പക്ഷികളാണ് ദേശാടനപക്ഷികള്‍. പക്ഷികളുടെ ഈ ദേശാടനം ഋതുക്കളൂമായി ബന്ധപ്പെട്ടിരിക്കുന്നു. പക്ഷികളിലെ പല വിഭാഗങ്ങളൂം ദേശാടനം നടത്തുന്നവയാണ്. ഇതിനിടയില്‍ പട്ടിണികൊണ്ടും വേട്ടയാടല്‍ കൊണ്ടും വലിയ നാശം സംഭവിക്കുന്നെങ്കിലും ഒരു പ്രകൃതിപ്രതിഭാസം എന്നപോലെ അവ ഒരു ദേശത്തു നിന്നും വേറൊരിടത്തെക്ക് പറക്കുന്നു. ഇത് അവയുടെ ഉത്ഭവം മുതല്‍ ഉണ്ടെന്നനുമാനിക്കണം. കാരണം മനുഷ്യനുകിട്ടാവുന്ന ആദ്യ തെളിവുകളിലെല്ലാം പക്ഷികളുടെ സഞ്ചാരത്തെ പറ്റിപറയുന്നുണ്ട്. കാളിദാസന്റെ മേഘസന്ദേശത്തില്‍ മാനസസരസ്സില്‍ നിന്നും മുട്ടയിടാനായി മാലാകാരത്തില്‍ വന്നുപോകുന്ന വലാഹപക്ഷികളെയും താമരത്തളിര്‍ തിന്നുപറക്കുന്ന രാജഹംസങ്ങളെയും സൂചിപ്പിക്കുന്നുണ്ട് 2006 ലാണ് ലോക ദേശാടന പക്ഷി ദിനം ആചരിച്ച് തുടങ്ങിയത്. ലോകത്താകമാനമുള്ള ജനസംഖ്യയ്ക്ക് ദേശാടന പക്ഷികളുടെയും ജൈവവൈവിധ്യത്തിന്റെയും സംബന്ധിച്ച ബന്ധത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഐക്യരാഷ്ട്ര സഭയാണ് ഇത്തരമൊരു ദിനത്തിന്റെ ആവശ്യകതയെക്കുറിച്ച് ആലോചനകള്‍ നടത്തിയതും ഈ ദിനം ലോകത്തിന് മുന്‍പില്‍ അവതരിപ്പിച്ചതും. അന്നു മുതല്‍ ഏകദേശം 118 ഓളം രാജ്യങ്ങളാണ് ഈ ദിനത്തില്‍ പങ്കാളികളായി പരിപാടികള്‍ സംഘടിപ്പിക്കാറുള്ളത്.
കേരളവും ദേശാടന പക്ഷികളും പ്രകൃതി ഭംഗി കൊണ്ടും മികച്ച കാലാവസ്ഥ കൊണ്ടും പശ്ചിമ ഘട്ടത്തിന്റെ സമ്പുഷ്ടമായ ജൈവ വൈവിദ്ധ്യം കൊണ്ടും നിരവധി ദേശാടന പക്ഷികളാണ് കേരളത്തില്‍ വിരുന്നെത്താറുള്ളത്. നമ്മുടെ പുഴകളുടെ തീരത്തും മലമുകളിലുമാണ് പ്രധാനമായും ഇവ എത്താറുള്ളത്. നൂറുകണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് പല പക്ഷികളും എത്തുന്നത്.
കേരളത്തില്‍ തട്ടേക്കാട്, കടമക്കുടി, കടലുണ്ടി, തൃശൂര്‍ കോള്‍ പാടം, കുമരകം, കുട്ടനാട് എന്നിവയാണ് പ്രധാനമായും ദേശാടന പക്ഷികള്‍ എത്തുന്ന സങ്കേതങ്ങള്‍. കിഴക്കന്‍ കരിതപ്പി, മ്യൂ കടല്‍കാക്ക, കറുപ്പന്‍ ആള, പുരികപുള്ള്, എന്നിവയാണ് ഈ അടുത്തായി കേരളത്തിലെത്തിയ ദേശാടന പക്ഷികള്‍.മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ദേശാടന പക്ഷികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. അതേസമയം, തന്നെ പുതിയ ചില പക്ഷികള്‍ കേരളത്തിലെത്തുന്നുണ്ട്. ഇവ സാധാരണ ഗതിയില്‍ ചൂട് പ്രദേശങ്ങളിലോ മരു പ്രദേശങ്ങളിലോ കാണുന്നതാണ്. ഇവ ചെറിയ ആശങ്കയും പരത്തുന്നുണ്ട്.



