ഓര്‍ത്തഡോക്‌സ് സഭയുടെ നിയുക്ത കാതോലിക്കാ ബാവയായി ഡോ.മാത്യുസ് മാര്‍ സേവേറിയോസിനെ തീരുമാനിച്ചു

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭയുടെ നിയുക്ത കാതോലിക്കാ ബാവയായി ഡോ.മാത്യുസ് മാര്‍ സേവേറിയോസിനെ തീരുമാനിച്ചു. സഭയുടെ സിനഡ് ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. അടുത്ത മാസം ചേരുന്ന മലങ്കര അസോസിയേഷന്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും.

കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനാണ് ഡോ.മാത്യുസ് മാര്‍ സേവേറിയോസ്. പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വദീയന്‍ കാതോലിക്കാ ബാവയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പുതിയ അധ്യക്ഷന്‍ നിയമിതനാകുന്നത്.

16/09/21 വ്യാഴാഴ്ച കോട്ടയത്ത് ചേര്‍ന്ന സഭാ സിനഡിലാണ് തീരുമാനം. 17/09/21 വെള്ളിയാഴ്ച സഭയുടെ മാനേജിങ് കമ്മിറ്റി യോഗം ചേരും.

പൗലോസ് ദ്വദീയന്‍ കാതോലിക്കാ ബാവയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഡോ.മാത്യുസ് മാര്‍ സേവേറിയോസ്. സഭയുടെ സുന്നഹദോസ് സെക്രട്ടറിയായും വര്‍ക്കിങ് കമ്മിറ്റി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരിയുടെ വൈസ് പ്രസിഡന്റ്, മലങ്കര ഓര്‍ത്തഡോക്‌സ് വൈദിക സംഘം പ്രസിഡന്റ് തുടങ്ങി നിരവധി പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം