ആറ് മാസത്തിനുള്ളില്‍ കോവിഡ് വ്യാപനം കൂടുതല്‍ നിയന്ത്രണവിധേയമാകുമെന്ന് വിദഗ്ധർ

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം അടുത്ത ആറ് മാസത്തിനുള്ളിൽ കൂടുതൽ നിയന്ത്രണവിധേയമാകുമെന്ന് വിദഗ്ധർ. ഡെൽറ്റ വകഭേദംകൊണ്ടു മാത്രം മൂന്നാം തരംഗം അതിതീവ്രമാകുമെന്ന് കരുതുന്നില്ലെന്നും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ സുജിത് സിങ് എൻഡി ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ആറ് മാസത്തിനുള്ളിൽ കോവിഡ് 19 ‘എൻഡമിക്’ ഘട്ടത്തിലേക്കെത്തും. അതായത്, രോഗവ്യാപനം കൂടുതൽ നിയന്ത്രണ വിധേയവും നിലവിലുള്ള ആരോഗ്യസംവിധാനത്തിന് കൈകാര്യം ചെയ്യാനാവുന്നതുമായി മാറും. രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ വിജയം കൈവരിക്കാൻ കഴിഞ്ഞാൽ രോഗത്തെ നിയന്ത്രിക്കാനാകും. രോഗവ്യാപനം ഉയർന്ന തോതിലായിരുന്ന കേരളത്തിലും കേസുകൾ കുറയുന്നത് ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

വാക്സിനേഷനാണ് കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ ഏറ്റവും വലിയ കവചം. 75 കോടിയിൽ അധികം ആളുകൾക്ക് വാക്സിൻ നൽകിക്കഴിഞ്ഞു. വാക്സിനുകൾ 70 ശതമാനം ഫലപ്രാപ്തി നൽകുമെങ്കിൽ 50 കോടി ആളുകൾ പ്രതിരോധ ശേഷി ആർജ്ജിച്ചുകഴിഞ്ഞു. ഒറ്റ ഡോസ് 30-31 ശതമാനം പ്രതിരോധം ഉറപ്പ് നൽകുന്നുവെങ്കിൽ പോലും ഗുണകരമാണെന്നും സുജിത് സിങ് പറഞ്ഞു.

വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചാൽ പോലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടത് പ്രധാനമാണ്. പുതിയ വകഭേദങ്ങളാണ് കൂടുതൽ രോഗവ്യാപനത്തിന് കാരണം. വാക്സിനെടുത്താൽ പോലും 70 മുതൽ നൂറ് ദിവസം വരെ പിന്നിടുമ്പോൾ പ്രതിരോധ ശേഷി കുറയുന്നത് കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഒരു വകഭേദം കൊണ്ടുമാത്രം മറ്റൊരു തരംഗമുണ്ടാകില്ലെന്നും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതും പ്രതിരോധശേഷി ആർജിക്കുന്നതും ഇക്കാര്യത്തിൽ പരമപ്രധാനമാണെന്നും സുജിത് സിങ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം