തിരുവനന്തപുരം: ഓപ്പറേഷൻ നമ്പർ- 7 എന്ന പേരിൽ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ വിജിലൻസ് പരിശോധന. സംസ്ഥാനത്തെ സംരക്ഷിത വൃക്ഷങ്ങളുടെ പട്ടിക സൂക്ഷിക്കേണ്ട വില്ലേജ് ഓഫീസുകളിൽ ഗുരുതരമായ വീഴ്ചയുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. വൃക്ഷങ്ങളുടെ പട്ടിക രേഖപ്പെടുത്തേണ്ട നമ്പർ- ഏഴ് എന്ന രജിസ്റ്റർ വില്ലേജ് ഓഫീസുകളിൽ സൂക്ഷിക്കുന്നില്ലെന്ന് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തി. മരംമുറി അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു 71 വില്ലേജ് ഓഫീസുകളിൽ റെയ്ഡ് നടത്തിയത്.
ഒരു വില്ലേജ് ഓഫീസിൽ പോലും രജിസ്റ്റർ സൂക്ഷിക്കുന്നില്ല. . മരംമുറിക്കാൻ ഉടമ നൽകേണ്ട ഡിക്ലറേഷൻ ഫോമോ വനംവകുപ്പ് ഉദ്യോഗസ്ഥർ ഭൂമിയെ കുറിച്ച് നൽകേണ്ട സർട്ടിഫിക്കറ്റോ സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തി. ക്രമക്കേട് കണ്ടെത്തിയ റവന്യൂ ഓഫീസുകളിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു.




