ജെറ്റ് ലൈനര്‍ വിമാനങ്ങളില്‍ റഡാര്‍ സംവിധാനം ഘടിപ്പിക്കുന്ന 11,000 കോടിയുടെ പദ്ധതിയ്ക്ക് അംഗീകാരം

ന്യൂഡല്‍ഹി: അത്യാധുനിക റഡാര്‍ സംവിധാനങ്ങളുള്ള ആറു നിരീക്ഷണ വിമാനങ്ങള്‍ സേനയില്‍ ഉള്‍പ്പെടുത്താനുള്ള 11,000 കോടി രൂപയുടെ കരാറിനു കേന്ദ്ര മന്ത്രിസഭാ സമിതിയുടെ പച്ചക്കൊടി. എയര്‍ ഇന്ത്യയുടെ എ-321 ജെറ്റ് ലൈനര്‍ വിമാനങ്ങളില്‍ ഡി.ആര്‍.ഡി.ഒ. തദ്ദേശീയമായി വികസിപ്പിച്ച റഡാര്‍ സംവിധാനം ഘടിപ്പിക്കാനാണു പദ്ധതി.ശത്രുവിമാനങ്ങളെ ആകാശത്തുവച്ചു തിരിച്ചറിഞ്ഞ് പ്രത്യാക്രമണസജ്ജമാകാന്‍ റഡാര്‍ ഘടിപ്പിച്ച വിമാനങ്ങള്‍ ഉപകരിക്കും. പുതിയ പദ്ധതി പൂര്‍ണമാകാന്‍ ഏഴു വര്‍ഷമെടുക്കുമെന്നാണു കണക്കുകൂട്ടല്‍. നിലവില്‍ വ്യോമസേന ഉപയോഗിക്കുന്ന നേത്ര നിരീക്ഷണവിമാനങ്ങളിലുള്ള ആക്ടിവ് ഇലക്ട്രോണിക്കലി സ്റ്റിയേഡ് അറേ (എ.ഇ.എസ്.എ) റഡാറിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഡി.ആര്‍.ഡി.ഒ. ഒരുക്കിയിരിക്കുന്നത്. ആന്റിനയുടെ ദിശ മാറ്റാതെതന്നെ റഡാറില്‍നിന്നുള്ള റേഡിയോ രശ്മികള്‍ പലയിടങ്ങളിലേക്കു തിരിക്കാനുള്ള സാങ്കേതികവിദ്യയാണ് ഇതിലുള്ളത്.

Share
അഭിപ്രായം എഴുതാം