കൊല്ലം- ചെങ്കോട്ട ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് എൻജിനീയറിംഗ് വിദ്യാർത്ഥികൾ മരിച്ചു

കൊല്ലം: കൊല്ലം- ചെങ്കോട്ട ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ എൻജിനീയറിംഗ് വിദ്യാർത്ഥികൾ മരിച്ചു. കുണ്ടറ കേരളപുരം മണ്ഡപം ജംഗ്ഷനിൽ വസന്ത നിലയത്തിൽ വിജയന്റെ മകൻ ബി.എൻ. ഗോവിന്ദ് (20) കാസർകോട് കാഞ്ഞങ്ങാട് ചൈതന്യയിൽ അജയകുമാറിന്റെ മകൾ ചൈതന്യ (20) എന്നിവരാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാർ, വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.

തിരുവനന്തപുരത്തെ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് ഗോവിന്ദും ചൈതന്യയും. തെന്മല ഭാഗത്തേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ സംഘത്തിൽപ്പെട്ടവരാണ് ഇവർ. അഞ്ച് ബൈക്കുകളിലായാണ് സംഘം എത്തിയത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ കുന്നിക്കോട് ചേത്തടി ഭാഗത്തുവെച്ച് ചെങ്ങമനാട് ഭാഗത്തുനിന്നും അമിതവേഗത്തിലെത്തിയ മാരുതി എർട്ടിഗയും ഗോവിന്ദിന്റെ ബുള്ളറ്റും കൂട്ടിയിടിക്കുകയായിരുന്നു.

ഗോവിന്ദ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ചൈതന്യയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. അവിടെവെച്ചാണ് ചൈതന്യ മരിച്ചത്. പത്തനാപുരം പനമ്പറ്റ സ്വദേശിയുടേതാണ് മാരുതി എർട്ടിഗ. കാറിലുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്. കുന്നിക്കോട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Share
അഭിപ്രായം എഴുതാം