ടോക്കിയോ: ഒളിമ്പിക്സ് മത്സരങ്ങള്‍ ഇന്നവസാനിക്കും. പ്രാദേശിക സമയം രാത്രി എട്ടു മണിയോടെ സമാപന ചടങ്ങുകള്‍ ആരംഭിക്കും. ഉദ്ഘാടന ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്ത കായിക താരങ്ങളില്‍ പകുതിയും സമാപനത്തിനുണ്ടാകില്ല. കോവിഡ്-19 വ്യാപന ഭീതി മൂലം താരങ്ങളോട് മത്സരം അവസാനിച്ച് 48 മണിക്കൂറിനുള്ളില്‍ ജപ്പാന്‍ വിടാന്‍ നിര്‍ദേശിച്ചിരുന്നു. റിയോ ഡി ജനീറോയില്‍ സാംബ താളത്തോടെയാണു ചടങ്ങുകള്‍ അവസാനിച്ചത്. ഇവിടെ വിട പറയാനെത്തുന്നത് ജപ്പാന്റെ പരമ്പരാഗത കലാ പരിപാടികളായിരിക്കും. 2024 ലെ ഒളിമ്പിക്സിനു വേദിയായ പാരീസിലെ സംഘാടക സമിതിക്ക് ദീപശിഖ കൈമാറും. പുലര്‍ച്ചെ 3.30 മുതല്‍ പുരുഷന്‍മാരുടെ മാരത്തണ്‍ നടക്കും. രാവിലെ 7.30 മുതല്‍ വനിതകളുടെ റിഥമാറ്റിക് ജിംനാസ്റ്റിസ്‌കും അരങ്ങിലെത്തും. രാവിലെ എട്ടു മുതല്‍ നടക്കുന്ന വനിതകളുടെ ബാസ്‌കറ്റ്ബോള്‍ ഫൈനലില്‍ യു.എസ്.എ. ജപ്പാനെ നേരിടും. രാവിലെ 7.36 മുതല്‍ വനിതകളുടെ ട്രാക്ക് സൈക്ലിങ് മത്സരങ്ങളാണ്. ഹാന്‍ഡ് ബോള്‍, വാട്ടര്‍പോളോ മത്സരങ്ങളുടെ ഫൈനലും ഇന്നു നടക്കും. പുരുഷ വിഭാഗം ഹെവിവെയ്റ്റ്, വനിതാ വിഭാഗം ലൈറ്റ്വെയ്റ്റ് ബോക്സിങ് മത്സരങ്ങളും ഇന്നാണ്. 38 സ്വര്‍ണം നേടിയ ചൈനയാണ് ഒന്നാമത്. 31 വെള്ളിയും 18 വെങ്കലവും അടക്കം ആകെ 87 മെഡലുകള്‍ നേടാന്‍ അവര്‍ക്കായി. രണ്ടാം സ്ഥാനത്തുള്ള യു.എസിനു 36 സ്വര്‍ണമുണ്ട്. 39 വെള്ളിയും 33 വെങ്കലവും അടക്കം ആകെ 108 മെഡലുകളും നേടി.



