മുംബൈ: രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം (ഫോറെക്സ് റിസേര്‍വ്) റെക്കോഡ് ഉയരത്തില്‍. ജൂലൈ 30ന് അവസാനിച്ച ആഴ്ചയിലെ കണക്കനുസരിച്ച് ഇത് 942.7 കോടി ഡോളര്‍ വര്‍ധിച്ച് 62,057.6 കോടി ഡോളറായി. നിലവിലെ വിനിമയ മൂല്യം അനുസരിച്ച് ഏതാണ്ട് 46.23 ലക്ഷം കോടി രൂപവരുമിത്. കഴിഞ്ഞ 23 ന് അവസാനിച്ച ആഴ്ചയില്‍ ഫോറെക്സ് റിസേര്‍വ് 158.1 കോടി ഡോളര്‍ കുറഞ്ഞ് 61,114.9 കോടി ഡോളറിലെത്തിയിരുന്നു. വിദേശ കറന്‍സി ആസ്തികളുടെ വര്‍ധനയാണ് മൊത്തം കരുതല്‍ ശേഖരത്തില്‍ വര്‍ധനയുണ്ടാക്കിയതെന്നു റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. വിദേശ കറന്‍സി ആസ്തികളില്‍ യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യു.എസ്. ഇതര കറന്‍സികളും ഉള്‍പ്പെടുന്നുണ്ട്. സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം 76 കോടി ഡോളര്‍ ഉയര്‍ന്ന് 3700 കോടി ഡോളറായെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു



