തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെയുള്ള മാത്യു കുഴൽനാടന്റെ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ലീഗിന്റെ അവകാശത്തെപ്പറ്റി ചോദിക്കാൻ അയാൾക്കെന്താണ് അധികാരമെന്ന് ഉണ്ണിത്താൻ ചോദിച്ചു. ലീഗ് യുഡിഎഫിന്റെ ടീമിൽപെട്ട ആളുകളാണ്. അവർക്ക് വ്യക്തമായ അഭിപ്രായമുണ്ട്, അവർക്കത് പറയാം, രഹസ്യമായും പറയാം പരസ്യമായും പറയാം. അതൊക്കെ പറയാനുള്ള അവകാശം അവർക്കുണ്ട് . അൽപന് ഐശ്വര്യം കിട്ടിയാൽ അർധരാത്രിയും കുടപിടിക്കുമെന്നൊരു ചൊല്ലുണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ വരണമെന്ന് ആഗ്രഹിച്ച മുഴുവൻ പേർക്കും മുഖ്യമന്ത്രിയെ കുറിച്ച് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്,
എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും ഒറ്റക്കെട്ടായി സഹായിച്ചതുകൊണ്ടാണ് യുഡിഎഫിന് ഈ ഭൂരിപക്ഷം കിട്ടിയത്. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരണമെന്ന് ആഗ്രഹിച്ച മുഴുവൻ ആളുകൾക്കും മുഖ്യമന്ത്രിയെ കുറിച്ച് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്, സ്വാതന്ത്ര്യമുണ്ട്.
ആ സ്വാതന്ത്ര്യം ആരെങ്കിലും ഉപയോഗിക്കുമ്പോൾ, അസഹിഷ്ണുത കാണിച്ചിട്ട് യാതൊരു കാര്യവുമില്ല. ആരെങ്കിലും ഒരു അഭിപ്രായം പറഞ്ഞാൽ അതിനെ കൊച്ചാക്കുന്ന പ്രവണത ശരിയല്ല. അതൊന്നും അംഗീകരിക്കില്ലെന്നും ഉണ്ണിത്താൻ പ്രതികരിച്ചു.