ടോക്കിയോ: വനിതാ ഹോക്കിയില്‍ ഇന്ത്യക്കു തുടര്‍ച്ചയായി രണ്ടാമത്തെ തോല്‍വി. ജര്‍മനിയോടു 2-0 ത്തിനാണ് റാണി രാംപാല്‍ നയിക്കുന്ന ഇന്ത്യ തോറ്റത്. ആദ്യ മത്സരത്തില്‍ലോക ഒന്നാം റാങ്കുകാരായ ഹോളണ്ടിനോട് 5-1 നാണ് ഇന്ത്യ തോറ്റത്. ലോക മൂന്നാം നമ്പര്‍ ടീമായ ജര്‍മനിയെ തോല്‍പ്പിച്ച് വിജയവഴിയില്‍ തിരിച്ചെത്താനുറച്ച് ഇറങ്ങിയ ഇന്ത്യയുടെ പ്രകടനം മോശമായിരുന്നില്ല. ലഭിച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ ഇന്ത്യക്കായില്ല. മൂന്നാം ക്വാര്‍ട്ടറില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ഗുര്‍ജിത് കൗര്‍ നഷ്ടപ്പെടുത്തി. ഗുര്‍ജിത്തിന്റെ സ്‌ട്രോക്ക് വലതു പോസ്റ്റില്‍ തട്ടിത്തെറിച്ചു. നായിക നൈക്ക് ലോറന്‍സ് (12ാം മിനിറ്റ്), അന്നെ ഷ്‌റോഡര്‍ (35) എന്നിവര്‍ നേടിയ ഗോളുകളിലാണ് ജര്‍മനി ജയിച്ചത്.
ഒന്നും മൂന്നും ക്വാര്‍ട്ടറുകളിലായിരുന്നു ജര്‍മനിയുടെ ഗോളുകള്‍. പെനാല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ജര്‍മനി അക്കൗണ്ട് തുറന്നത്. കളിയിലെ ആദ്യ കോര്‍ണര്‍ കിക്ക് തന്നെ നൈക്ക് ഗോളാക്കി മാറ്റി.35-ാം മിനിറ്റില്‍ ഷ്‌റോഡറുടെ തകര്‍പ്പന്‍ ഫീല്‍ഡ് ഗോള്‍ ജര്‍മനിയുടെ ജയമുറപ്പിച്ചു. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ഇന്ത്യയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ മങ്ങി.
ജര്‍മനിക്കെതിരേ ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഒരു ശ്രമം പോലുമുണ്ടായില്ല. രണ്ടാം ക്വാര്‍ട്ടറില്‍ ജര്‍മന്‍ സര്‍ക്കിളില്‍ ഇന്ത്യന്‍ താരങ്ങള്‍ വട്ടമിട്ടെങ്കിലും ഗോള്‍ അകന്നുനിന്നു. ലക്ഷ്യം കാണാന്‍ രണ്ടു മികച്ച അവസരങ്ങള്‍ മുതലാക്കാനായില്ല.
ഇന്ത്യയുടെ അടുത്ത മത്സരം ബുധനാഴ്ച ബ്രിട്ടനെതിരേയാണ്. 30 ന് അയര്‍ലന്‍ഡുമായും 31 ന് ദക്ഷിണാഫ്രിക്കയുമായും ഇന്ത്യ ഏറ്റുമുട്ടും. ഓഗസ്റ്റ് രണ്ടിനാണു നോക്കൗട്ട് റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കുന്നത്.