റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നീന്തല്‍,ബോക്‌സിങ്, ഫെന്‍സിങിലും ഇന്ത്യയ്ക്ക് നിരാശ മാത്രം

July 27, 2021 - 10:10 am

ടോക്കിയോ: മലയാളി താരം സജന്‍ പ്രകാശ് സെമിഫൈനലില്‍ കടക്കാത്തതു രാജ്യത്തു നിരാശ പടര്‍ത്തി. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ നീന്തല്‍ രണ്ടാം ഹീറ്റ്സില്‍ മത്സരിച്ച സജന്‍ നാലാം സ്ഥാനത്തു ഫിനിഷ് ചെയ്തു. ഒരു മിനിറ്റ് 57.22 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത താരം ഓവറോളില്‍ 24ാം സ്ഥാനത്തായി. നീന്തലില്‍ ഒളിമ്പിക് എ യോഗ്യതാ മാര്‍ക്ക് കടക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവുമായാണു സജന്‍ ടോക്കിയോയിലേക്കു വിമാനം കയറിയത്. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ രണ്ടാം ഹീറ്റ്‌സിലാണ് ഇന്ത്യന്‍ താരം മത്സരിച്ചത്.

ഹീറ്റ്സില്‍ ആദ്യമെത്തുന്ന 16 പേരാണ് സെമി ഫൈനലില്‍ കടക്കുക.വ്യാഴാഴ്ച നടക്കുന്ന 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ ഇനത്തിലാണു മലയാളി താരത്തിന്റെ അടുത്ത പ്രതീക്ഷ. സഹതാരങ്ങളായ ശ്രീഹരി നടരാജ്, മാനാ പട്ടേല്‍ എന്നിവര്‍ കഴിഞ്ഞ ദിവസം തന്നെ പുറത്തായിരുന്നു. നോര്‍വെയുടെ ടൊമോ സെനിമോട്ടോ ഹവാസ് ഒരു മിനിറ്റ് 56 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഒന്നാമനായി. സിംഗപ്പൂരിന്റെ ക്വാഹ് സെങ് വെന്‍ ഒരു മിനിറ്റ് 56 സെക്കന്‍ഡില്‍ രണ്ടാമനായി. അയര്‍ലന്‍ഡ് താരം ബ്രണ്ടന്‍ഡ് ഹൈലാന്‍ഡ് ഒരു മിനിറ്റ് 57 സെക്കന്‍ഡില്‍ മൂന്നാമനായി. കഴിഞ്ഞ മാസം ഇറ്റലിയില്‍ നടന്ന ഒളിമ്പിക് യോഗ്യതാ റൗണ്ടില്‍ ഒരു മിനിറ്റ് 56.38 സെക്കന്‍ഡിലാണു സജന്‍ ഫിനിഷ് ചെയ്തത്. റിയോ ഒളിമ്പിക്സില്‍ 27-ാം സ്ഥാനക്കാരനായിരുന്നു സജന്‍. കേരളത്തില്‍ നടന്ന 2015 ലെ ദേശീയ ഗെയിംസില്‍ ആറ് സ്വര്‍ണം നേടി താരമായി.

ബോക്സിങ്ങില്‍ ആശിഷ് കുമാരി ചൗധരിയും തോറ്റു മടങ്ങി. പുരുഷന്മാരുടെ മിഡില്‍വെയ്റ്റ് വിഭാഗം (69 കിലോ) റൗണ്ട് 32 മത്സരത്തില്‍ ചൈനയുടെ എര്‍ബികെ തുവോഹത്തയാണ് ആശിഷിനെ ഇടിച്ചിട്ടത്. ഫെന്‍സിങില്‍ ഏക സാന്നിധ്യമായിരുന്ന ഭവാനി ദേവിയും തോറ്റു മടങ്ങി. ഒന്നാം റൗണ്ടില്‍ ടുണീഷ്യയുടെ നാദിയ അസീസിയെ തോല്‍പ്പിച്ച ഭവാനി ദേവി രണ്ടാം റൗണ്ടില്‍ ഫ്രാന്‍സിന്റെ മനോന്‍ ബ്രൂണറ്റിനോടു തോറ്റു.ടെന്നീസ് പുരുഷ സിംഗിള്‍സില്‍ യുവതാരം സുമിത് നാഗാല്‍ രണ്ടാം റൗണ്ടില്‍ തോറ്റു. ലോക രണ്ടാം നമ്പര്‍ റഷ്യയുടെ ഡാനി മെദ്വദേവിനോടാണ് നാഗാല്‍ തോറ്റത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *