കൃഷിയിടത്തിൽ കാട്ടാനയുടെ ആക്രമണം; വീട്ടമ്മയെ കൊന്നു

ഇടുക്കി: ശാന്തൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. ശാന്തൻപാറയ്ക്കടുത്ത് തലക്കുളത്ത് വിമല ചിരഞ്ജീവി (40) ആണ് കൊല്ലപ്പെട്ടത്. 21-07-2021 ബുധനാഴ്ച രണ്ടു മണിയോടെ ആയിരുന്നു സംഭവം. വിമല സ്വന്തം പുരയിടത്തിൽ കൃഷി ജോലികൾ ചെയ്യുകയായിരുന്നു. അതിനിടെ ആണ് കാട്ടാന എത്തിയത്. ഒപ്പമുണ്ടായിരുന്ന ജോലിക്കാർ ഓടി രക്ഷപ്പെട്ടു എന്നാൽ വിമല ആനയുടെ പിടിയിൽ പെടുകയായിരുന്നു. ഏലതോട്ടത്തിലൂടെ ഓടി രക്ഷപ്പെടാൻ വിമലയ്ക്ക് കഴിഞ്ഞില്ല. തട്ടിവീണ ഇവരെ കാട്ടാന അടിച്ചും ചവിട്ടിയും കൊലപ്പെടുത്തി.

Read more: കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. നാട്ടുകാരും വനംവകുപ്പ്‌ ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം

വിമലയുടെ പുരയിടത്തിനു സമീപം പുൽമേട്ടിൽ നാല് ആനകളുടെ കൂട്ടം ഉണ്ടായിരുന്നു. ഇതിൽ ഒരാന കൃഷിയിടത്തിൽ പ്രവേശിക്കുകയും അക്രമണം നടത്തുകയുമായിരുന്നു. കൊലയ്ക്കു ശേഷവും ഈ കൂട്ടം പരിസരത്തു തന്നെ ഉള്ളതായി നാട്ടുകാർ അറിയിച്ചു. (ഈ ആനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ വാർത്തയോടൊപ്പം)

സംഭവം ശാന്തൻപാറ പൂപ്പാറ പ്രദേശത്ത് വലിയ ജനരോഷത്തിന് കാരണമായിരിക്കുകയാണ്. ഇവിടെ കാട്ടാനയുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്നത് പതിവാണ്. കൃഷിയിടങ്ങളിൽ ജോലിചെയ്യുന്നവരും തോട്ടം തൊഴിലാളികളുമാണ് കൊല്ലപ്പെടുന്നതിലേറേയും. തൊഴിലെടുക്കാൻ വയ്യാത്ത സ്ഥിതിയിലാണ് തൊഴിലാളികളും നാമമാത്ര കൃഷിക്കാരും ആയ പ്രദേശവാസികൾ .

Share
അഭിപ്രായം എഴുതാം