കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. നാട്ടുകാരും വനംവകുപ്പ്‌ ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം

സുല്‍ത്താന്‍ ബത്തേരി : മുതുമലയില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. മുതുഗുളി പരേതനായ വീരപ്പന്‍ ചെട്ടിയാരുടെയും ജാനകിയുടെയും മകന്‍ കുഞ്ഞിക്കൃഷ്‌ണന്‍ (49) ആണ്‌ മരിച്ചത്‌. 2021 ജൂലാ 19 തിങ്കളാഴ്‌ച ഉച്ചക്കായിരുന്നു സംഭവം .കുഞ്ഞിക്കൃഷ്‌ണന്‍ തന്റെ ആടുകളെ മേയ്‌ക്കാന്‍ വനത്തില്‍ കൊണ്ടുപോയതായിരുന്നു. അപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായതെന്ന്‌ കരുതപ്പെടുന്നു.

സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ നാട്ടുകാരും വനംവകുപ്പ്‌ ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ നാട്ടൂകാര്‍ തടഞ്ഞുവച്ചു. വന്യമൃഗശല്യത്തിന്‌ ശാശ്വതമായ പരിഹാരം വേണമെന്നും മരിച്ച കുഞ്ഞിക്കൃഷ്‌ണന്റെ കുടുംബത്തിന്‌ നഷ്‌ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാല്‍ കടുവയുടെ ആക്രമണം ഉണ്ടായത്‌ വനത്തിനകത്തുനിന്നാണെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്‌. ഇത്‌ അംഗീകരിക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല.സംഘര്‍ഷം ശമിക്കാതെ വന്നപ്പോള്‍ ആവശ്യങ്ങള്‍ പരിശോധിച്ച്‌ തീരുമാനം എടുക്കാമെന്ന്‌ വനം വകുപ്പ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പ്രദേശത്തെ വന്യമൃഗശല്യം പരിഹരിക്കണമെനന്‌ നാട്ടുകാര്‍ കാലങ്ങളായി ആവശ്യപ്പെട്ടുവരുന്നതാണ്‌. എന്നാല്‍ ഇതുവരെയും യാതൊരു തീരുമാനങ്ങളും ഉണ്ടായിട്ടില്ല അതിനിടെയാണ്‌ കര്‍ഷകന്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്‌.

Share
അഭിപ്രായം എഴുതാം