റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അര്‍ജുന്‍ ആയങ്കിയുടെ കുരുക്ക്‌ മുറുകുന്നു. ഭാര്യയും തളളിപ്പറഞ്ഞു

July 7, 2021 - 10:14 am

കൊച്ചി : കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ ശക്തമായ തെളിവുകള്‍ കൈവശമുണ്ടെന്ന്‌ കസറ്റംസ്‌ കോടതിയില്‍ വ്യക്തമാക്കി. ഭാര്യ അമല ഉള്‍പ്പെടയുളളവര്‍ നല്‍കിയ മൊഴിയും അര്‍ജുന്‌ എതിരാണെന്നും ആഡംബര ജീവിതത്തിന്‌ ഉപയോഗിച്ചത്‌ അനധികൃതമായി സമ്പാദിച്ച പണമാണെന്നും കസറ്റംസ്‌ കോടതിയില്‍ വ്യക്തമാക്കി. ടിപി വധക്കേസ്‌ പ്രതികളായ കൊടിസുനിയും മുഹമ്മദ്‌ ഷാഫിയുമാണ്‌ അര്‍ജുന്‍ ആയങ്കിയെ സംരക്ഷിക്കുന്നതെന്നും രാഷ്ട്രീയ പാര്‍ട്ടിയെ മറയാക്കിയണ്‌ ഇവര്‍ സ്വര്‍ണക്കടത്ത്‌ നടത്തിയതെന്നും കസറ്റംസ്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ആയങ്കിയെ കസറ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ടുളള അപേക്ഷയിലാണ്‌ കസ്റ്റംസ്‌ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌.

ഭാര്യയുടെ വീട്ടില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചിരുന്നുവെന്നാണ്‌ അര്‍ജുന്‍ നല്‍കിയ മൊഴി. എന്നാല്‍ ഇതിന്‌ വിരുദ്ധമായാണ്‌ ഭാര്യ അമല നല്‍കിയ മൊഴി. ഇത്തരത്തില്‍ ഒരു സാമ്പത്തിക സഹായവും നല്‍കിയിട്ടില്ലെന്നാണ്‌ അമലയുടെ പ്രതികരണമെന്നും കസ്‌റ്റംസ്‌ ചൂണ്ടിക്കാട്ടുന്നു. കാര്‍ വാങ്ങാന്‍ അമലയുടെ അമ്മ പണം നല്‍കിയെന്നാണ്‌ അര്‍ജുന്‍ മൊഴി നല്‍കിയത്‌. എന്നാല്‍ ഇത്തരം ഒരു പണമിടപാട്‌ നടന്നിട്ടില്ലെന്ന്‌ ഭാര്യ കസ്റ്റംസിന്‌ നല്‍കിയ മൊഴിയില്‍ പറയുന്നു.

കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കണ്ണൂര്‍ സംഘത്തിന്‌ സംരക്ഷണം ലഭിച്ചിട്ടുണ്ട്‌. മുഹമ്മദ്‌ ഷാഫിയുടെ വീട്ടില്‍ നിന്ന്‌ ഇലക്ട്രോണിക്ക്‌ തെളിവുകള്‍ ലഭിച്ചിരുന്നു. ആഡംബര ജീവിതമാണ്‌ അര്‍ജുന്‍ നടത്തിയിരുന്നത്‌. നിയമ വിരുദ്ധമായ വരുമാനത്തിന്റെ തെളിവാണിത്‌. സ്വര്‍ണക്കടത്തിന്റെ ആസൂത്രകന്‍ അര്‍ജുന്‍ ആയങ്കിയാണെന്നും കസ്‌റ്റംസ്‌ ചൂണ്ടിക്കാട്ടുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മറയാക്കി സ്വര്‍ണക്കടത്ത്‌ നടത്തിയെന്ന ഗുരുതരമായ ആരോപണവും കസറ്റംസ്‌ കസറ്റഡി അപേക്ഷയില്‍ ഉന്നയിക്കുന്നുണ്ട്‌. ഈ ബന്ധം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നിറഞ്ഞുനില്‍ക്കുന്ന പ്രതികള്‍ യുവാക്കളെ സ്വാധീനിക്കാനും ഇത്‌ ഉപയോദഗിച്ചുവെന്നും കസ്‌റ്റംസ്‌ ആരോപിക്കുന്നു.

അതേസമയം കസ്‌റ്റംസ്‌ സംഘം തന്നെ കസറ്റഡിയില്‍ മര്‍ദ്ദിച്ചെന്ന്‌ അര്‍ജുന്‍ ആയങ്കി കോടതിയെ ബോധിപ്പിച്ചു. 7 ദിവസം കൂടി കസ്‌റ്റഡിയില്‍ വേണമെന്ന കസ്‌റ്റംസിന്റെ ആവശ്യം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുളള കോടതി തളളി .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *