ആലപ്പുഴ: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന ആരോഗ്യശീലവത്ക്കരണ പരിപാടി ‘ആരോഗ്യപാഠം’ ജില്ലയിൽ ആരംഭിച്ചു.
കോവിഡ് കാലത്ത് കുട്ടികൾ കാട്ടേണ്ട ജാഗ്രതയെക്കുറിച്ച് ലൂർദ്ദ് മേരി യു.പി സ്‌ക്കൂൾ വാടയ്ക്കലിലെ കുട്ടികളുമായി ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ സംവദിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി പുന്നപ്ര ജെ.ബി.യു.പി. സ്‌കൂൾ വിദ്യാർഥികളുമായി സംസാരിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ തിരുവമ്പാടി യു.പി.എസ്-ലെ ബോധവത്ക്കരണ ക്ലാസിൽ പങ്കെടുത്തു. മാസ് മീഡിയ വിഭാഗം ക്ലാസെടുത്തു. മാസ് മീഡിയ വിഭാഗം തയ്യാറാക്കി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വഴി നൽകുന്ന മൊഡ്യൂൾ അനുസരിച്ച് സ്‌കൂൾ അധ്യാപകർ തന്നെ ബുധനാഴ്ചകളിൽ അവരവരുടെ ഓൺലൈൻ ക്ലാസുകളിലൂടെ കുട്ടികൾക്ക് ‘ആരോഗ്യപാഠം’ സന്ദേശങ്ങൾ നൽകും.



