കുന്നംകുളത്ത് ജലസേചന പദ്ധതികൾക്ക് പ്രത്യേക പരിഗണന

കുന്നംകുളം മണ്ഡലത്തിൽ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് വഴി നടപ്പിലാക്കുന്ന വിവിധ ജലസംരക്ഷണ പദ്ധതികൾക്ക് പ്രത്യേക ഊന്നൽ നൽകാൻ എം എൽ എ എ സി മൊയ്തീന്റെ അധ്യക്ഷതയിൽ ചേർന്ന  അവലോകന യോഗത്തിൽ തീരുമാനിച്ചു.

2021-22 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ കുന്നംകുളം മണ്ഡലത്തിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം പരിഗണനകള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബജറ്റില്‍ ഉള്‍പ്പെട്ട കുന്നംകുളം നഗരസഭയിലെ ചാട്ടുകുളം സംരക്ഷണം (2 കോടി), ചെമ്മണ്ണൂര്‍ പുത്തന്‍കുളം സംരക്ഷണം (1.2 കോടി), വേലൂര്‍ ഗ്രാമപഞ്ചായത്തിലെ കിടായിചിറയുടെ പുനരുദ്ധാരണം എന്നീ പ്രവൃത്തികളുടെ ഭരണാനുമതി ലഭ്യമാക്കാനുള്ള നടപടികള്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മികവുറ്റ രീതിയിൽ നിർവഹിക്കുന്നതിൽ എം എൽ എ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. 

യോഗശേഷം വേലൂരിലെ നിര്‍ദ്ദിഷ്ട കിടായി ചിറ എം എൽ എ സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. എം എൽ എക്കൊപ്പം പഞ്ചായത്ത് പ്രസിഡന്റ്, മറ്റ് ജനപ്രതിനിധികൾ, മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു. 

കുന്നംകുളം മണ്ഡലത്തില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പുതിയ ദിശാബോധം സൃ‍ഷ്ടിച്ചെടുക്കണമെന്നും നീര്‍ത്തടാധിഷ്ഠിത വികസന മാസ്റ്റര്‍ പ്ലാന്‍ മണ്ഡലാടിസ്ഥാനത്തില്‍ തയ്യാറാക്കി വിഭവസമാഹരണത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തി മുന്നോട്ട് പോകുമെന്നും എം എൽ എ വ്യക്തമാക്കി.

യോഗത്തില്‍ കുന്നംകുളം നഗരസഭ അധ്യക്ഷ സീത രവീന്ദ്രന്‍, വേലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.ആര്‍.ഷോബി, മൈനർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം