റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്നാം തരംഗം ഇന്ത്യയില്‍ ഒക്ടോബറില്‍ എത്തിയേക്കുമെന്ന് വിദഗ്ധര്‍; ആശങ്ക ഒരുവര്‍ഷംകൂടി തുടരും

June 18, 2021 - 9:05 pm

കോവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയിൽ ഒക്ടോബറിൽ എത്തിയേക്കുമെന്ന് വിദഗ്ധർ. രാജ്യത്ത് കോവിഡ് മഹാമാരി ഒരു വർഷംകൂടി പൊതുജനാരോഗ്യ പ്രശ്നമായി തുടരുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 40 ആരോഗ്യ പരിചരണ വിദഗ്ധർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ, വൈറോളജിസ്റ്റുകൾ, പ്രൊഫസർമാർ എന്നിവരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

രണ്ടാം തരംഗത്തെക്കാൾ മികച്ച രീതിയിൽ മൂന്നാം തരംഗത്തെ നേരിടാൻ രാജ്യത്തിന് കഴിയുമെന്നും വിദഗ്ധർ വാർത്താ ഏജൻസിയോട് പറഞ്ഞു. ജൂൺ മൂന്നിനും 17 നുമിടെയാണ് സർവെ നടത്തിയത്. മൂന്നാം തരംഗം ഒക്ടോബറിൽ ആയിരിക്കുമെന്ന് 85 ശതമാനം വിദഗ്ധരും പ്രവചിച്ചു. മൂന്നാം തരംഗം ഓഗസ്റ്റിൽ എത്തുമെന്നാണ് മൂന്ന് വിദഗ്ധർ പ്രവചിച്ചത്. സെപ്റ്റംബറിൽ എത്തുമെന്ന് 12 പേർ അഭിപ്രായപ്പെട്ടു. നവംബറിനും അടുത്തവർഷം ഫെബ്രുവരിക്കും ഇടയിലാവും മൂന്നാം തരംഗം എത്തുകയെന്നും ഒരു വിഭാഗം വിദഗ്ധർ വിലയിരുത്തി. രണ്ടാം തരംഗത്തെക്കാൾ മികച്ച രീതിയിൽ മൂന്നാം തരംഗത്തെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് 70 ശതമാനം വിദഗ്ധരും പ്രതീക്ഷ പ്രകടിപ്പിച്ചത്.

ഏപ്രിൽ – മെയ് മാസങ്ങളിലാണ് രണ്ടാം തരംഗം രാജ്യത്ത് ഉച്ചസ്ഥായിയിൽ എത്തിയത്. ഈ സമയത്താണ് രാജ്യത്ത് ഏറ്റവും ഉയർന്ന രോഗബാധയും മരണങ്ങളും റിപ്പോർട്ടു ചെയ്യപ്പെട്ടത്. വാക്സിൻ, ഓക്സിജൻ, മരുന്നുകൾ, ആശുപത്രി കിടക്കകൾ എന്നിവയുടെ ക്ഷാമവും രണ്ടാം തരംഗത്തിനിടെ റിപ്പോർട്ടു ചെയ്യപ്പെട്ടു. അതിനുശേഷമാണ് രാജ്യത്തെ കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയത്. സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ അടക്കമുള്ളവയാണ് രോഗവ്യാപനം കുറയാൻ ഇടയാക്കിയത്.

കൂടുതൽ പേർക്ക് വാക്സിൻ ലഭിക്കുന്നതോടെ മൂന്നാം തരംഗത്തെ കാര്യക്ഷമമായി നിയന്ത്രിക്കാൻ കഴിയുമെന്ന് ഡൽഹി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ അഭിപ്രായപ്പെട്ടു. രോഗബാധിതരുടെ എണ്ണവും കുറഞ്ഞേക്കും. രോഗപ്രതിരോധ ശേഷിയും മൂന്നാം തരംഗത്തിനിടെ വർധിച്ചേക്കാമെന്നും ഗുലേറിയ അഭിപ്രായപ്പെട്ടു.

അതിനിടെ, മൂന്നാം തരംഗം കുട്ടികളെയും 18 വയസിൽ താഴെയുള്ളവരെയും എത്തരത്തിൽ ബാധിക്കും എന്ന കാര്യത്തിൽ ഭിന്നാഭിപ്രായമാണ് വിദഗ്ധർ പങ്കുവച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. സർവെയിൽ പങ്കെടുത്ത 40 ൽ 26 വിദഗ്ധരും കുട്ടികളിൽ രോഗബാധയ്ക്ക് സാധ്യതയുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. 14 പേർ മാത്രമാണ് വ്യത്യസ്ത നിലപാട് സ്വീകരിച്ചത്. കോവിഡ് ഒരു വർഷംകൂടി പൊതുജനാരോഗ്യ പ്രശ്നമായി രാജ്യത്ത് നിലനിൽക്കുമെന്ന് 30 വിദഗ്ധരും പ്രവചിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *