ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം ബംഗാളില്‍ അരങ്ങേറിയ കലാപം സംബന്ധിച്ച് വിശദീകരണം തേടി സുപ്രീം കോടതി പശ്ചിമബംഗാള്‍ സര്‍ക്കാരിനും പോലീസിനും നോട്ടീസയച്ചു.കലാപം അടിച്ചമര്‍ത്തുന്നതില്‍ സംസ്ഥാനസര്‍ക്കാരും പോലീസും അലംഭാവം കാട്ടിയെന്നാണു ഹര്‍ജിയിലെ ആരോപണം.സാമൂഹികപ്രവര്‍ത്തകന്‍ അരുണ്‍ മുഖര്‍ജിയും മറ്റ് നാലുപേരും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണു ജസ്റ്റിസുമാരായ വിനീത് ശരണ്‍, ബി.ആര്‍. ഗവായ് എന്നിവരുള്‍പ്പെട്ട അവധിക്കാല ബെഞ്ച് ബംഗാള്‍ സര്‍ക്കാരിനു നോട്ടീസയച്ചത്. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന ജൂണ്‍ ഏഴിനു മുമ്പ് സര്‍ക്കാരും പോലീസും വിശദീകരണം സമര്‍പ്പിക്കണം. ബംഗാളില്‍നിന്നു പലായനം ചെയ്ത കുടുംബങ്ങള്‍ അസമിലെ ക്യാമ്പുകളിലാണുള്ളത്. ഇവര്‍ക്കു നഷ്ടപരിഹാരം നല്‍കി, പുനരധിവസിപ്പിക്കണം. കോവിഡ് വ്യാപനത്തിനിടയില്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കു ഭക്ഷണവും മരുന്നും ഉള്‍പ്പെടെ ലഭ്യമാക്കണം. ഫലപ്രഖ്യാപനത്തിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമികളായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് സംരക്ഷിക്കുകയാണെന്നും പരാതി പിന്‍വലിക്കാന്‍ ഇരകളെ ഭീഷണിപ്പെടുത്തുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇരകളെ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കിയ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍, ദേശീയ വനിതാ കമ്മിഷന്‍, ദേശീയ ബാലാവകാശ കമ്മിഷന്‍ എന്നിവരെയും കേസില്‍ കക്ഷിചേര്‍ക്കണമെന്നു ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക പിങ്കി ആനന്ദ് അഭ്യര്‍ഥിച്ചു. ഇത് അംഗീകരിച്ച കോടതി, മനുഷ്യാവകാശ, ബാലാവകാശ, വനിതാ കമ്മിഷനുകള്‍ക്കു പുറമേ പട്ടികജാതി, പട്ടികവര്‍ഗ കമ്മിഷനുകളെയും കക്ഷിചേര്‍ത്തു.



