റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂനമർദം ശക്തി പ്രാപിച്ച് അതിതീവ്രന്യൂനമർദമായി, അഞ്ച് ജില്ലകളിൽ റഡ് അലർട്

May 14, 2021 - 4:34 pm

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് അതിതീവ്രന്യൂനമർദം ആയി മാറിയതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് 14/05/21 വെള്ളിയാഴ്ച ഉച്ചയോടെ വ്യക്തമാക്കി.

ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നേരത്തെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച രാവിലെ ഇത് പിൻവലിച്ച് ഓറഞ്ച് അലർട്ട് ആക്കിയിരുന്നു. ഇതാണ് ഉച്ചയോടെ വീണ്ടും റെഡ് അലർട്ട് ആക്കിയത്.

അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 80 കി.മീ തെക്കു പടിഞ്ഞാറും കേരളത്തിലെ കണ്ണൂർ തീരത്ത് നിന്ന് 360 കിമീ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറുമായാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ ന്യൂനമർദം സ്ഥിതി ചെയ്യുന്നത്.

അതി തീവ്ര ന്യൂനമർദ്ദം 15/05/21 ശനിയാഴ്ച പുലർചയോടെ ചുഴലിക്കാറ്റായി (Cyclonic Storm) മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നിലവിൽ പ്രവചിക്കപ്പെടുന്ന ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. പക്ഷേ ന്യൂനമർദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നിൽക്കുന്നതിനാൽ കേരളത്തിൽ മെയ് 14 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *