ന്യൂ ഡല്‍ഹി: സിബിഎസ് ഇ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ബോര്‍ഡ് വികസിപ്പിച്ച ആപ്ലിക്കേഷനിലൂടെ ഇനി സൈക്കോളജിക്കല്‍ കൗണ്‍സിലിംഗ് സെഷനുകള്‍ ലഭ്യമാകും. 2021 മെയ് 10 മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ബോര്‍ഡ് പരീക്ഷകള്‍ക്ക് മുന്നോടിയായി ടോള്‍ഫ്രീ നമ്പരിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായി CBSE Dost For life എന്ന ആപ്പ് പുറത്തിറക്കുകയായിരുന്നു. 9 മുതല്‍ 12 വരെയുളള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ സേവനം ലഭ്യമാകും.
83 വാളണ്ടിയര്‍ കൗണ്‍സിലര്‍മാരും, വിവിധ സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുമാണ് സെഷനുകള്‍ക്ക് നേതൃത്വം നല്‍കുക. ആപ്പിലെ ക്ലാസുകള്‍ പൂര്‍ണമായും സൗജന്യമാണ്. തിങ്കള്‍,ബുധന്‍,വെളളി ദിവസങ്ങളിലാണ് ക്ലാസുണ്ടാവുക. രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെ അല്ലെങ്കില്‍ 1.30 മുതല്‍ 5.30 വരെ എന്നീ സമയങ്ങളില്‍ വരുന്ന അനുയോജ്യമായ സമയം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും തെരഞ്ഞെടുക്കാവുന്നതാണ്.
ഇതുകൂടാതെ സെക്കന്ററി വിദ്യാഭ്യാസത്തിനു ശേഷം തെരഞ്ഞെടുക്കാവുന്ന കോഴ്സുകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍, മാനസികാരോഗ്യത്തേയും ക്ഷേമത്തെയും കുറിച്ചുളള വിവരങ്ങള്‍, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ തുടങ്ങിയവയും ആപ്ലിക്കേഷനിലുണ്ടെന്ന് സിബിഎസ്ഇ വക്താവ് പറഞ്ഞു. മാനസികാരോഗ്യവും ക്ഷേമവും എന്ന മാനുവലും ബോര്‍ഡ് പുറത്തിറക്കിയിട്ടുണ്ട്. ഫെസിലിറ്റേറ്റര്‍മാരായ ആദ്ധ്യാപകര്‍, സ്കൂള്‍ കൗണ്‍സിലര്‍മാര്‍, പ്രത്യേക അദ്ധ്യാപകര്‍, ബന്ധുക്കള്‍ എന്നിവര്‍ക്ക് ഈ വിഷയത്തിലുളള ചുമതലകള്‍ ഇതില്‍ വ്യക്തമാക്കുന്നു. കൂടാതെ പകര്‍ച്ച വ്യാധിക്കാലത്ത് സ്കൂളുകളും കുടുംബങ്ങളും കുട്ടികള്‍ക്ക് മാനസിക-സാമൂഹിക പിന്തുണ എങ്ങനെ നല്കാമെന്നതിനെക്കുറിച്ചുളള അദ്ധ്യായവും ഇതില്‍ ഉള്‍പ്പെടുന്നു.

