പൂനെ: കോവിഡ് മഹാമാരിയുടെ തേര്‍വാഴ്‌ചയില്‍ വിറുങ്ങലിച്ച് വ്യോമസേനാ ഉദ്യോഗസ്ഥന്‍ അരുണ്‍ ഗെയ്‌ക്ക്‌വാദ് .രണ്ടാഴ്‌ചക്കിടെ അദ്ദേഹത്തിന് നഷ്ടമായത് കുടുംബത്തിലെ നാലുപേര്‍. ഭാര്യ വൈശാലി(43), അമ്മായിയമ്മ അല്‍ക്കാ ജാദവ്((62), ഭാര്യാ സഹോദരന്മാരായ രോഹിത് (38),അതുല്‍(40). എന്നിവരാണ് 15 ദിവസത്തിനിടെ മരണപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ അമ്മയും രണ്ടുുകുട്ടികളും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. തന്‍റെ ഭാര്യയും അമ്മയും മൂന്നു സഹോദരന്മാരും മരിച്ച വിവരം ഗെയ്‌ക്കിന്‍റെ അമ്മയെ അറിയിച്ചിട്ടില്ല.
ഇന്ത്യന്‍ വ്യോമ സേനയിലെ ലോജിസ്‌റ്റിക്‌സ് സൂപ്രണ്ടാണ് അരുണ്‍ ഗെയ്‌ക്കവാദ് .27 വര്‍ഷമായി സര്‍വീസിലുണ്ട്. ഗുരുതരാവസ്ഥയിലായ ഭാര്യയെ ചികിത്സിക്കാന്‍ നിരവധി ആശുപത്രികള്‍ കയറിയിറങ്ങിയിട്ടും ആശുപത്രി അധികൃതര്‍ കൂട്ടാക്കിയില്ലെന്ന ദുരനുഭവം അദ്ദേഹം മാധ്യമങ്ങളുമായി പങ്കുവച്ചു.
ഗെയ്‌ക്ക് വാദിന്‍റെ ഭാര്യാപിതാവ് 2021 ജനുവരി 15ന് മസ്‌തിഷ്‌കാഘാതം മൂലം മരണപ്പെട്ടിരുന്നു. മരണാനന്തര ചടങ്ങിന്‍റെ ഭാഗമായി മാര്‍ച്ച 15ന് ധനോരിയിലെ വസതിയില്‍ സംഘടിപ്പിച്ച ചെറിയ പൂജയാണ് കോവിഡ് വ്യാപനത്തിന് ഹേതുവായത്. ഗെയ്‌ക്ക്‌വാദും പൂജയില്‍ പങ്കെടുത്തിരുന്നുവെങ്കിലും വേഗം തിരിച്ചുപോയിരുന്നു. പൂജയില്‍ സംബന്ധിച്ച അളിയന്‍ രോഹിത് ജാദവിനാണ് ആദ്യം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. മാര്‍ച്ച 16ന് പനിബാധിച്ച രോഹിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊട്ടുപിന്നാലെ മാതാവ് അല്‍ക, സഹോദരന്‍ അതുല്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മാര്‍ച്ച 28നാണ് ഭാര്യ വൈശാലിക്ക് രോഗ ലക്ഷണം കണ്ടുതുടങ്ങിയത്.
ഇവരെ ചികിത്സിക്കാന്‍ നിരവധി ആശുപത്രികളില്‍ വിളിച്ചു ചോദിച്ചെങ്കിലും എവിടെയും ഒരു ബെഡ് ലഭിച്ചില്ല. ഒടുവില്‍ കത്രാജിയിലെ ഭാരതി ആശുപത്രിയില്‍ ഒരു കിടക്ക ഒഴിവുണ്ടെന്ന് ബന്ധു അറിയിച്ചു. തുടര്‍ന്ന് മാര്‍ച്ച് 28ന് ഉച്ചക്ക് ഒരുമണിക്ക് ഭാര്യയെ അവിടെ എത്തിച്ചു. രക്തത്തില്‍ ഓക്‌സിജന്‍റെ അളവ് 70 ശതമാനത്തില്‍ ഏറിയും കുറഞ്ഞും നിന്നതിനാല്‍ വെന്റിലേറ്റര്‍ സൗകര്യമുളള ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് പൂനെ മുനസിപ്പല്‍ കോര്‍പ്പറേഷന്‍ ഡാഷ് ബോര്‍ഡില്‍ 25 കിടക്കള്‍ ഉളളതായി കാണിച്ചിരുന്നതനുസരിച്ച് വൈശാലിയെ ശിവാജി നഗറിലെ ജംബോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവരെ അകത്തുകടത്താന്‍ സമ്മതിച്ചില്ല. കോര്‍പ്പറേഷന്‍ ഡാഷ്‌ബോര്‍ഡില്‍ 25 കിടക്കകള്‍ ഒഴിവുളളതായി കാണിക്കുന്നുണ്ടല്ലോഎന്ന് ചോദിച്ചപ്പോള്‍ ഡാഷ് ബോര്‍ഡിലെ വിവരങ്ങള്‍ തെറ്റാണെന്നായിരുന്നു അധികൃതരുടെ മറുപടി.
പിന്നീട് വൈശാലിയെ റൂബിള്‍ഹാള്‍ ക്ലിനിക്കിലേക്ക് കൊണ്ടുപോയി എന്നാല്‍ അവിടെ രോഗികള്‍ തിങ്ങി നിറഞ്ഞിരിക്കുകയായിരുന്നു. പിന്നീട് അടുത്തുളള നായിഡു ആശുപത്രിയിലേക്ക പോയി. അവിടത്തെ ഡോക്ടര്‍മാരും ഇവരെ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല. ജംബോ ആശുപത്രിയില്‍ നേരിട്ട അതേ അനുഭവമായിരുന്നു അവിടെയും .ഭാര്യയെ പരിശോധിക്കാന്‍ പോലും അവര്‍ തയ്യാറായില്ല. അതിനിടെ ആംബുലന്‍സിലെ ഓക്‌സിജന്‍ തീരാറായി
ഇതിനിടെയാണ് ബന്ധുവിന്‍റെ പരിചയക്കാരനായ ഒരു ഡോക്ടര്‍ വഴി ഖേഡിലെ ശിവപൂര്‍ ആശുപത്രിയില്‍ വെന്‍റിലേറ്റര്‍ സൗകര്യമുളള ഒരു കിടക്ക ലഭിച്ചത് അങ്ങനെ രാത്രി ഏഴുമണിക്ക് ശ്വാസതടസം തുടങ്ങിയ ഭാര്യയെ ആറുമണിക്കൂറിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുളള അവസരം ലഭിച്ചത് .അപ്പോഴേക്കും ഓക്‌സിജന്‍റെ അളവ് 60 ശതമാനമായി കുറഞ്ഞിുന്നു. മാര്‍ച്ച 29 ന് ഭാര്യയുമായി സംസാരിച്ചു. ആരോഗ്യ സ്ഥിതി അല്‍പ്പം മെച്ചപ്പെട്ടിരുന്നു. മാര്‍ച്ച 30ന് രാവിലെ അരുണ്‍ ഗെയ്‌ക്കിന്‍റെ അമ്മക്കും രണ്ടുകുട്ടികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. അതോടെ അവരെയും ആശുപത്രിയിലെത്തിക്കാനുളള നെട്ടോട്ടമായി. അവരെ ആശുപത്രിയെത്തിച്ച് ചികിത്സിക്കവെ വൈകിട്ട് ആശുപത്രിയലെത്തിയപ്പോഴേക്കും ഗെയ്‌ക്കിന്റെ ഭാര്യയുടെ ജീവന്‍ പൊലിഞ്ഞിരുന്നു. കണ്ണീര്‍ തുടച്ചുകൊണ്ട് ഗെയ്‌ക്ക് ഇങ്ങനെ പറഞ്ഞു.”അവള്‍ സുഖമായി പുറത്തുവരുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. വളരെ ശക്തമായ സ്‌ത്രീ ആയിരുന്നു അവള്‍ പക്ഷെ…” അദ്ദേഹത്തിന് വാക്കുകള്‍ പൂര്‍ത്തീകരിക്കാനായില്ല.
ഭാര്യയുടെ ശവസംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കു ശേഷം അടുത്ത മരണവാര്‍ത്ത എത്തി .ഭാര്യ സഹോദരന്‍ രോഹിത് ഏപ്രില്‍ മൂന്നിനും, അമ്മയായിയമ്മ ഏപ്രില്‍ നാലിനും മറ്റൊരു സഹോദരന്‍ ഏപ്രില്‍ 14നും മരിച്ചു. മരിച്ച അതുലിനും രോഹിതിനും രണ്ട് കുട്ടികള്‍ വീതമുണ്ട്. ഗെയ്‌ക്ക് പറഞ്ഞു “എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഒരു പിടുത്തവും കിട്ടുന്നില്ല. ഇപ്പോള്‍ എന്‍റെ രണ്ട് ഭാര്യാസഹോദരമന്മാരുടെ ഭാര്യമാരും അവരുടെ നാലുമക്കളും എന്‍റെ രണ്ടുമക്കളും എന്‍റെ അമ്മയും മാത്രമാണ് കുടുംബത്തില്‍ അവശേഷിക്കുന്നത്. അവരുടെ ഭാവിയെക്കുറിച്ചും ഞാന്‍ ഭയപ്പെടുന്നു. എന്‍റെ അറിവില്‍ പൂനെയിലെ മറ്റൊരു കുടുംബവും ഇങ്ങനെ ഒരു ദുരന്തം നേരിട്ടിട്ടില്ല” ഗെയ്‌ക്ക് ഗദ്‌ഗദ കണ്‌ഠനായി.



