മുംബൈ: രാജസ്ഥാന്‍ റോയല്‍സിനെതിരായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് തോല്‍വി.ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്ണെടുത്തു. 32 പന്തില്‍ 51 റണ്ണെടുത്ത നായകനും വിക്കറ്റ് കീപ്പറുമായ ഋഷഭ് പന്ത്, ടോം കുറാന്‍ (16 പന്തില്‍ 21), ലളിത് യാദവ് (24 പന്തില്‍ 20), ക്രിസ് വോക്സ് (11 പന്തില്‍ പുറത്താകാതെ 15) എന്നിവരുടെ ചെറുത്തു നില്‍പ്പാണു സ്‌കോര്‍ 150 കടത്തിയത്. ഇന്നിങ്സില്‍ ഒരു സിക്സര്‍ പോലും പിറന്നില്ലെന്ന കൗതുകവുമുണ്ട്്. നാല് ഓവറില്‍ 15 റണ്‍ വഴങ്ങി മൂന്നു വിക്കറ്റെടുത്ത ജയദേവ് ഉനാത്കട്ടാണു റോയല്‍സ് ബൗളര്‍മാരില്‍ മികച്ചു നിന്നത്. മുസ്താഫിസുര്‍ റഹ്മാന്‍ രണ്ട് വിക്കറ്റും ക്രിസ് മോറിസ് ഒരു വിക്കറ്റുമെടുത്തു. പന്തും ആര്‍. അശ്വിനും (നാല് പന്തില്‍ ഏഴ്) റണ്ണൗട്ടായി. കഴിഞ്ഞ മത്സരത്തിലെ ഹീറോകളായ പൃഥ്വി ഷായെയും (ഒന്‍പത്) ശിഖര്‍ ധവാനെയും (രണ്ട്) വീഴ്ത്തിയ ജയ്ദേവ് ഉനാത്കട്ട് പവര്‍പ്ലേയ്ക്കുള്ളില്‍ അജിന്‍ക്യ രഹാനെയെയും (എട്ട്) വീഴ്ത്തി. തൊട്ടടുത്ത ഓവറില്‍ മുസ്തഫിസുര്‍ മാര്‍കസ് സ്റ്റോനിസിനെയും (0) പുറത്താക്കിയപ്പോള്‍ ഡല്‍ഹി പരുങ്ങലിലായി. പിന്നീട് ഋഷഭ് പന്തും ലളിത് യാദവും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 51 റണ്‍ നേടി. മികച്ച ഫീല്‍ഡിങ്ങിലൂടെ റിയാന്‍ പരാഗ് പന്തിനെ റണ്ണൗട്ടാക്കി. ലളിത് യാദവിനെ ക്രിസ് മോറിസ് പുറത്താക്കി. ഇംഗ്ലണ്ട് താരങ്ങളായ ടോം കുറാനും ക്രിസ് വോക്സും ഏഴാം വിക്കറ്റില്‍ നേടിയ 28 റണ്ണാണ് 147 ലെത്താന്‍ ക്യാപിറ്റല്‍സിനെ സഹായിച്ചത്.