തിരുവനന്തപുരം: ബന്ധു നിയമനത്തിൽ ലോകായുക്തയുടെ ഉത്തരവിൽ കുടുങ്ങി മന്ത്രി കെ ടി ജലീൽ രാജിവച്ചത് ഇടതുമുന്നണിക്കാകെ ക്ഷീണമാണെങ്കിലും , ലോകായുക്തയുടെ ഉത്തരവും രാജിയും ഇത്രയും വൈകിയിട്ടായതിൽ തെല്ലൊരാശ്വാസമാണ് പല ഇടതു നേതാക്കൾക്കും ഉള്ളത്.
കേരളത്തിൽ വോട്ടെടുപ്പ് നടന്ന ഏപ്രിൽ 6 നു മുൻപാണ് ലോകായുക്താ ഉത്തരവും മന്ത്രിയുടെ രാജിയുമെങ്കിൽ അത് വലിയ തിരിച്ചടിയാകുമായിരുന്നൂവെന്നാണ് പലരും കണക്കുകൂട്ടുന്നത്. പിൻവാതിൽ നിയമനമടക്കം പ്രതിപക്ഷമുയർത്തിയ ആരോപണങ്ങൾക്ക് പതിൻമടങ്ങ് ബലം കിട്ടാൻ അതു കാരണമായേനേ.
അതേസമയം, ആരോപണ വിധേയനായ ജലീലിൻ്റെ രാജി ആവശ്യപ്പെടാത്ത മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ സി പി എമ്മിനകത്തു തന്നെ അമർഷമുണ്ടായിരുന്നു എന്നും സൂചനയുണ്ട്. കേന്ദ്ര കമ്മറ്റി അംഗമായ ഇ പി ജയരാജന് നൽകാത്ത ആനുകൂല്യവും പരിഗണനയും മുഖ്യമന്ത്രി ജലീലിനു നൽകി എന്നതാണ് പ്രധാന ആക്ഷേപം.

