സംസ്ഥാനത്തെ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടപ്പ് മെയ് രണ്ടിനുള്ളിൽ നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടപ്പ് മെയ് രണ്ടിനുള്ളില്‍ നടത്തണമെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ സഭാംഗങ്ങള്‍ക്കാണ് വോട്ട് ചെയ്യാനുള്ള അവകാശമെന്നും കോടതി 12/04/21 തിങ്കളാഴ്ച വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മാറ്റിവച്ച തെരഞ്ഞെടുപ്പ് കമീഷന്‍ നടപടിക്കെതിരെ നിയമസഭാ സെക്രട്ടറിയും സിപിഐഎമ്മും നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.

പുതിയ നിയമസഭാ രൂപീകരിച്ച ശേഷം തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന് നിയമോപദേശം ലഭിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കാലാവധി കഴിഞ്ഞ നിയമസഭാംഗങ്ങള്‍ വോട്ടു ചെയ്യുന്നത് ധാര്‍മ്മികമായി ശരിയല്ലെന്നാണ് നിയമമന്ത്രാലയം അറിയിച്ചതെന്നും കമീഷന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു.

മൂന്ന് സീറ്റുകളിലേക്ക് ഏപ്രില്‍ 12ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് ഇത് മാറ്റുകയായിരുന്നു. കേന്ദ്ര നിയമമന്ത്രാലയത്തിന്റെ ശുപാര്‍ശയെത്തുടര്‍ന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഇതിനെതിരെ സിപിഐഎം അടക്കമുള്ള ഭരണകക്ഷികള്‍ രംഗത്തെത്തുകയും നിയമസഭാ സെക്രട്ടറിയും സിപിഐഎമ്മും ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു.

നിലവിലുള്ള നിയമസഭയുടെ കാലാവധി കഴിയുന്നതിന് മുമ്പ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ആദ്യം ഹൈക്കോടതിയെ അറിയിച്ച ഇലക്ഷന്‍ കമ്മീഷന്‍ പിന്നീട് നിലപാട് മാറ്റിയത് വിവാദമായിരുന്നു. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നിലപാട് അറിയിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരായ ഹരജി പരിഗണിക്കവെയായിരുന്നു സഭയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ എന്നായിരിക്കും തെരഞ്ഞെടുപ്പ് എന്നതില്‍ കമ്മീഷന്‍ വ്യക്തത വരുത്തിയിരുന്നില്ല. ഇത് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജൂണ്‍ ഒന്നിനാണ് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.

സംസ്ഥാനത്ത് നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളാണ് ഈ മാസം 21ന് വിരമിക്കുന്നത്. വയലാര്‍ രവി, പി വി അബ്ദുള്‍ വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്.

നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് എല്‍ഡിഎഫിന് രണ്ടു സീറ്റും യുഡിഎഫിന് ഒരു സീറ്റുമാണ് വിജയിക്കാനാവുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →