ന്യൂഡല്‍ഹി: പാകിസ്ഥാനും സമാധാനവും സൗഹൃദവുമാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്. പാകിസ്താന്‍ ദേശീയദിനത്തില്‍ ആശംസയര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച കത്തിനുള്ള മറുപടിയിലാണ് ഇമ്രാന്‍ ഖാന്‍ സൗഹൃദഹസ്തം നീട്ടിയത്. ജമ്മു-കശ്മീര്‍ അടക്കം ഇന്ത്യയുമായുള്ള തര്‍ക്കവിഷയങ്ങളില്‍ പരിഹാരത്തിന് സന്നദ്ധതയറിയിക്കുന്നതാണ് ഇമ്രാന്റെ കത്തിന്റെ ഉള്ളടക്കം. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നപരിഹാരം ദക്ഷിണേഷ്യയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും അനിവാര്യമാണെന്ന ബോധ്യമുണ്ടെന്നും കത്തില്‍ ഇമ്രാന്‍ ചൂണ്ടികാട്ടി. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആശംസകളര്‍പ്പിക്കാന്‍ ഈ അവസരം വിനിയോഗിക്കുന്നുവെന്ന് പറഞ്ഞ ഇമ്രാന്‍ അയല്‍ക്കാരുമായി സമാധാനപരമായ സഹകരണമാണ് പാകിസ്താനിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.



