റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഗൂഗിള്‍ അടക്കമുള്ള പ്രമുഖ അമേരിക്കന്‍ ടെക്‌നോളജി കമ്പനികള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ 2 ശതമാനം ഡിജിറ്റല്‍ സര്‍വീസ് ടാക്‌സിന് (ഡി എസ് ടി) ബദലായി ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ചെമ്മീന്‍ അടക്കമുള്ള 40 ഉല്‍പന്നങ്ങള്‍ക്ക് യു എസ് ഭരണകൂടം 25 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കയറ്റുമതി മേഖല കടുത്ത പ്രതിസന്ധിയുടെ ഘട്ടം പിന്നിടുന്ന ഈ ഘട്ടത്തിൽ അധിക നികുതി സമുദ്രോല്‍പന്ന കയറ്റുമതി മേഖലയില്‍ വലിയ തിരിച്ചടിയാവും. അധിക നികുതി വന്നാല്‍ അമേരിക്കയിലേക്കുള്ള സമുദ്രോല്‍പന്ന കയറ്റുമതി നിര്‍ത്തിവെക്കുക മാത്രമേ മാര്‍ഗമുള്ളൂവെന്ന് സമുദ്രോല്‍പന്ന കയറ്റുമതിക്കാര്‍ പറയുന്നു.

ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് ഡയറക്ടര്‍ ജനറല്‍ അജയ് സഹായ് പറഞ്ഞു. അധിക നികുതി 2-3 ശതമാനത്തില്‍ ഒതുങ്ങി നിന്നാല്‍ അത് താങ്ങാന്‍ കയറ്റുമതിക്കാര്‍ക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം ചെമ്മീന്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം യു എസ് ആണ്. പോയവര്‍ഷം 2,85,904 മെട്രിക് ടണ്‍ ചെമ്മീനാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. ഇന്ത്യയില്‍ നിന്നുള്ള ആകെ ചെമ്മീന്‍ കയറ്റുമതി 6,52,253 മെട്രിക് ടണ്ണാണ്, അതായത് ആകെ ചെമ്മീന്‍ കയറ്റുമതിയുടെ മൂന്നിലൊന്നും നടക്കുന്നത് അമേരിക്കയിലേക്കാണ്. വനാമി, ബ്ലാക്ക് ടൈഗര്‍ എന്നീ ഇനം ചെമ്മീനുകള്‍ക്കാണ് അമേരിക്കയില്‍ വലിയ ഡിമന്‍ഡ് ഉള്ളത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടക്കുന്ന വ്യാപാര മത്സരത്തിന്റെ തുടര്‍ച്ചയാണ് യുണൈറ്റഡ് സ്റ്റേറ്റ് ട്രേഡ് റെപ്രസന്റേറ്റീവ് (യു എസ് ടി ആര്‍) നിര്‍ദേശിച്ചിരിക്കുന്ന അധിക നികുതി.

ഗൂഗിള്‍, ഫേസ്ബുക്ക്, ആമസോണ്‍, ആപ്പിള്‍ തുടങ്ങിയ വമ്പന്‍ കമ്പനികള്‍ക്ക് ഇന്ത്യ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ 2 ശതമാനം ഡി എസ് ടി ചുമത്തിയതിന് തിരിച്ചടിയായാണ് ഈ നടപടി.ഡി എസ് ടി ചുമത്തിയതിനെക്കുറിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരം നടന്നുവന്ന അന്വേഷണത്തിനൊടുവിലാണ് യു എസ് ടി ആര്‍ ഈ പ്രതികാര നികുതി ചുമത്തിയത്. ഇന്ത്യ ചുമത്തിയ ടി എസ് ടിക്ക് ആനുപാതികമായ തുകയാണ് 40 ഉല്‍പന്നങ്ങള്‍ക്കുള്ള 25 ശമതാനം അധിക നികുതിയിലൂടെ അമേരിക്ക ഈടാക്കുന്നത്. പ്രതിവര്‍ഷം 55 ദശലക്ഷം ഡോളര്‍ ഇതിലൂടെ യു എസിന് അധികമായി ലഭിക്കും.ഇന്ത്യക്ക് പുറമെ ഓസ്ട്രേലിയ, ഇറ്റലി, സ്പെയ്ന്‍, ടര്‍ക്കി, യു കെ എന്നീ രാജ്യങ്ങള്‍ക്കും യു എസ് ടി ആര്‍ ഇത്തരത്തില്‍ പ്രതികാര നികുതി ചുമത്താന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *