റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: പൊതുസ്ഥലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണസാമഗ്രികൾ നീക്കിയ ചെലവ് സ്ഥാനാർഥികളിൽനിന്ന് ഈടാക്കും

March 26, 2021 - 9:52 pm

ആലപ്പുഴ: പൊതുസ്ഥലങ്ങളിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും ബോർഡുകളും ചുവരെഴുത്തും തോരണങ്ങളും നീക്കം ചെയ്ത ചെലവ് സ്ഥാനാർഥികളിൽനിന്ന് ഈടാക്കുമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ എ. അലക്‌സാണ്ടർ പറഞ്ഞു. തെരഞ്ഞെടുപ്പ് മാതൃകപെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റിൽ കൂടിയ സ്‌ക്രീനിംഗ് കമ്മിറ്റിയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആന്റീ ഡീഫേസ്‌മെന്റ് സ്‌ക്വാഡ് വിവിധ സ്ഥലങ്ങളിൽനിന്ന് നീക്കം ചെയ്ത വിവിധ പ്രചാരണസാമഗ്രികളുടെ എണ്ണം അനുസരിച്ചാണ് ഇതിനു ചെലവായ തുക ഈടാക്കുക. ബോർഡുകൾക്ക് 30 രൂപ, തോരണങ്ങൾക്ക് മീറ്ററിന് മൂന്നു രൂപ, പോസ്റ്ററുകൾക്ക് 10 രൂപ, ചുവരെഴുത്തിന് ചതുരശ്രയടിക്ക് എട്ടു രൂപ എന്നിങ്ങനെയാണ് ആന്റീ ഡീഫേസ്‌മെന്റ് നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളത്.

നീക്കം ചെയ്ത പോസ്റ്ററുകളും ബാനറുകളും ബോർഡുകളും അച്ചടിച്ച് സ്ഥാപിക്കാനെടുത്ത ചെലവ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കിൽ ഉൾപ്പെടുത്തുന്നതിനു പുറമേയാണ് ഇവ നീക്കം ചെയ്യുന്നതിനുള്ള ചാർജ് ഈടാക്കുക. രണ്ടു ചെലവും സ്ഥാനാർഥിയുടെ ചെലവ് കണക്കിൽ ഇടംപിടിക്കും. തുക ഈടാക്കുന്നതിനായി വരണാധികാരികൾ സ്ഥാനാർഥികൾക്ക് കത്ത് നൽകും. പൊതുസ്ഥലങ്ങളിൽ പോസ്റ്ററുകളും ബാനറുകളും ബോർഡുകളും സ്ഥാപിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. ജില്ലയിൽ വിവിധ മണ്ഡലങ്ങളിലായി 38,036 പ്രചാരണസാമഗ്രികളാണ് ഇന്നലെ വരെ നീക്കിയിട്ടുള്ളത്. മാതൃകപെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ കമ്മിറ്റി പരിശോധിച്ച് നടപടികൾക്ക് നിർദേശം നൽകി. എം.സി.സി. നോഡൽ ഓഫീസറായ ജില്ല പ്ലാനിംഗ് ഓഫീസർ കെ.എസ്. ലതി, ജില്ല ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജെ. മോബി, ഫിനാൻസ് ഓഫീസർ ഷിജു ജോസ്, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ എം. ഹുസൈൻ എന്നിവർ പങ്കെടുത്തു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *