കത്തിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും സഹോദരനെ സാഹസീകമായി രക്ഷപെടുത്തി

ഓയൂര്‍: അമ്പലംകുന്ന്‌ ചെറുവക്കലില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണ്ണമയും കത്തി നശിച്ചു. കത്തുന്ന കാറിനുളളില്‍ കുടുങ്ങിപ്പോയ സഹോദരനെ സാഹസീകമായി രക്ഷപെടുത്തി. 2021 മാര്‍ച്ച് 9 ചൊവ്വാഴ്‌ച വൈകിട്ട്‌ നാലുമണിയോടെയാണ്‌ സ്വിഫ്‌റ്റ്‌ കാറിന്‌ തീ പിടിച്ചത്‌. തിരുവനന്തപുരം പോലീസ്‌ ട്രെയിനിംഗ്‌ കോളേജിലെ ട്രെയിനര്‍ അമ്പലംകുന്ന്‌ ചെങ്കൂര്‍ കുമ്പല്ലൂര്‍ക്കാവ്‌ തോട്ടത്തില്‍ വീട്ടില്‍ അജിത്‌ കുമാര്‍ (44) സഹോദരന്‍ അനില്‍(41)എന്നിവരാണ്‌ കാറില്‍ സഞ്ചരിച്ചിരുന്നത്‌. സഹോദരന്‍ അനിലിനെ പാരിപ്പളളി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ കൊണ്ടുപോയി തിരികെ വരുന്ന വഴിക്കാണ്‌ സംഭവം. അ‌ജിത്‌കുമാറാണ്‌ കാര്‍ ഓടിച്ചിരുന്നത്‌.

അമ്പലംകുന്ന്‌ ഇളവൂര്‍ പളളിക്കു സമീപത്ത്‌ വച്ച്‌ കാറിന്റെ മുന്നില്‍ നിന്ന്‌ പുക ഉയരുന്നത്‌ ശ്രദ്ധയില്‍ പെട്ട അജിത്‌കുമാര്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി സമീപത്തെ വീട്ടില്‍ നിന്ന്‌ വെളളവുമായി വരുന്നതിനിടെ വന്‍ശബ്ദത്തോടെ തീ ആളിപ്പടരുകയായിരുന്നു. ഇടതുവശത്തെ മുന്‍ സീറ്റിലിരുന്ന അനിലിന്‌ ഡോര്‍ ലോക്കായതിനാല്‍ തുറക്കാന്‍ കഴിഞ്ഞില്ല. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ഭയം മൂലം ആരും കാറിനടുത്തേക്ക്‌ പോയില്ല. ഓടിയെത്തിയ അജിത്‌ കുമാര്‍ ഡ്രൈവറുടെ വശത്തെ വാതില്‍ തുറന്ന്‌ അനുജനെ അതിവേഗം പുറത്തിറക്കുകയായിരുന്നു. ഇരുവര്‍ക്കും പരിക്കില്ല കടയ്‌ക്കലില്‍ നിന്ന്‌ ഫയര്‍ഫോഴ്‌സും പൂയപ്പളളിയില്‍ നിന്ന്‌ പോലീസും സ്ഥലത്തെത്തുമ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം