റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ ഭാര്യയെ നിര്‍ബന്ധിക്കാനാകില്ലെന്ന് സുപ്രിംകോടതി. ഭാര്യ ഭര്‍ത്താവിന്റെ സ്വത്തല്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, ഹേമന്ത് ഗുപ്ത എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം. തന്റെ കൂടെ ജീവിക്കാന്‍ ഭാര്യയ്ക്ക് നിര്‍ദേശം നല്‍കണമെന്ന യുവാവിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ‘നിങ്ങള്‍ ചിന്തിക്കുന്നത് എന്താണ്? ഒരുത്തരവ് പുറപ്പെടുവിക്കാനും നിങ്ങളുടെ കൂടെ പോകണമെന്ന് പറയാനും ഭാര്യ ഭര്‍ത്താവിന്റെ സ്വത്താണോ?’ ബഞ്ച് ചോദിച്ചു.

കുറച്ചുകാലമായി അകന്നു കഴിയുകയാണ് ഇരുവരും. സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം മൂലം യുവതി 2013 ല്‍ ഗോരഖ്പൂര്‍ കുടുംബകോടതിയെ സമീപിച്ചിരുന്നു.
അനുകൂലമായ വിധിയും നേടി. പ്രതിമാസം ഭാര്യയ്ക്ക് ചെലവിനായി ഇരുപതിനായിരം രൂപ നല്‍കണമെന്നായിരുന്നു വിധി. ഇതിനു പിന്നാലെ കൂടെ ജീവിക്കാന്‍ സന്നദ്ധമാണ് എന്നറിയിച്ച്‌ ഭര്‍ത്താവ് മേല്‍ക്കോടതിയില്‍ ഹര്‍ജി നല്‍കി. കൂടെ ജീവിക്കാന്‍ തയ്യാറായ തനിക്ക് ഹിന്ദു സ്‌പെഷ്യല്‍ മേര്യേജ് ആക്‌ട് പ്രകാരം ജീവനാംശം നല്‍കേണ്ടതില്ല എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം. എന്നാല്‍ അലഹബാദ് ഹൈക്കോടതി ആവശ്യം തള്ളി. ഇതേത്തുടര്‍ന്നാണ് ഇദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചത്.

ജീവനാംശം നല്‍കുന്നത് ഒഴിവാക്കാനുള്ള കളികളാണ് ഭര്‍ത്താവിന്റേത് എന്നാണ് യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അനുപം മിശ്ര വാദിച്ചത്. യുവതിക്കൊപ്പം ജീവിക്കാന്‍ സന്നദ്ധമാണെന്നും അതിന് ഉത്തരവിടണമെന്നുള്ള ഭര്‍ത്താവിന്റെ അഭിഭാഷകന്റെ വാദത്തിനിടെയാണ് ഭാര്യ നിങ്ങളുടെ സ്വകാര്യ സ്വത്താണോ എന്ന് കോടതി ചോദിച്ചത്. 2018ലും കോടതി സമാനമായ നിരീക്ഷണം നടത്തിയിരുന്നു. ഭാര്യ സ്വത്തോ, വസ്തുവോ അല്ലെന്നും ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ ഉത്തരവിടാന്‍ ആകില്ല എന്നുമായിരുന്നു ജസ്റ്റിസ് മദന്‍ ബി ലോകുര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവര്‍ അടങ്ങുന്ന ബഞ്ച് വ്യക്തമാക്കിയിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *