ആഴക്കടല്‍ മത്സ്യ ബന്ധന വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യ തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം നടത്തുന്ന ശ്രമമാണിതെന്നും ഇതിനായി അവര്‍
ഗൂഢാ ലോചന നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎഫ്‌ഐയുടെ യുവ മാഹാസംഗമം ശംഖും മുഖത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തും ചെയ്യാന്‍ മടിയില്ലാത്ത ചില ദുഷ്ടാത്മാക്കള്‍ നമ്മുടെ നാട്ടിലുണ്ടെന്നും എന്നാല്‍ ഈ നെറികേടൊന്നും നമ്മുടെ നാട്ടില്‍ ചെലവാകില്ല എന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചിലര്‍ക്കേറ്റ തിരിച്ചടി മറികടക്കാന്‍ മത്സ്യ തൊഴിലാളികളുടെ വികാരം ഇളക്കിവിടാന്‍ ആകുമോയെന്ന ആലോചനയുടെ ഭാഗമാണ് ഈ വിവാദം. ഇത്തരം ഒരു എംഒയു ഒപ്പിടുമ്പോള്‍ സാധാരണ നിലയില്‍ ആ വകുപ്പിന്‍റെ സെക്രട്ടറി അറിയണം. ധാരണാ പത്രം ഒപ്പിടുന്ന കാര്യം അദ്ദേഹം അറിഞ്ഞിട്ടേയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എവിടെയോ ഉളള ഒരാലോചനയുടെ ഫലമായി സംഭവിച്ചതാണിത്. ബന്ധപ്പെട്ട സെക്രട്ടറിക്കോ , സര്‍ക്കാരിനോ, മന്ത്രിക്കോ അറിയാത്ത വിവരം എങ്ങനെ പ്രതിപക്ഷ നേതാവിന് ലഭിച്ചു അദ്ദേഹം ചോദിക്കുന്നു. കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോഴാണ് വിദേശ മത്സ്യ ബന്ധന കപ്പലുകള്‍ക്ക് വരാനുളള അനുമതി നല്‍കിയത്.അതാണ് കോണ്‍ഗ്രസിന്റെ നയം. അന്ന് അതിനെ എതിര്‍ക്കുകയാണ് എല്‍ഡിഎഫ് ചെയ്തത്.

ഇത്തരം ഒരാരോപണം പുറത്തുവന്ന ഉടനെ സര്‍ക്കാരിന്റെ നയത്തിനെതിരായി ഉണ്ടാക്കിയ രണ്ടുകരാറുകളും റദ്ദുചെയ്തു. വഴിവിട്ട നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പിടലിക്ക് വെച്ചുകെട്ടാമെന്ന കരുതേണ്ട. അത് ചെലവാകില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ സംശുദ്ധി കൃത്യമായി ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.. വരും ദിവസങ്ങളിലും ഇത്തരത്തിലുളള നീക്കങ്ങള്‍ ഉണ്ടായേക്കാം അത് എന്താണെന്നൊന്നും ഇപ്പോള്‍ പറയാനാകില്ല. മുഖ്യമന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം