ഗുലാം നബി ഇടഞ്ഞു തന്നെ, സോണിയ ഗാന്ധിയെ കാണാൻ വിസമ്മതിച്ചു, കോണ്‍ഗ്രസ് ദേശീയ നേതൃത്വം കടുത്ത സമ്മര്‍ദത്തില്‍

ന്യൂഡൽഹി: മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിൽ പാര്‍ട്ടിയിലെ വിമതര്‍ പരസ്യ കൂട്ടായ്മകളുമായി രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം കടുത്ത സമ്മര്‍ദത്തില്‍. വിഷയത്തില്‍ ഗുലാം നബി ആസാദിനെ അനുനയിപ്പിക്കാന്‍ സോണിയ ഗാന്ധി നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. വ്യക്തിപരമായ വിഷയങ്ങളില്‍ തിരക്കിലായതിനാല്‍ അടിയന്തരമായി ഡല്‍ഹിയിലെത്തി കാണാന്‍ ആകില്ലെന്ന് ഗുലാം നബി ആസാദ് 28/02/21 ഞായറാഴ്ച കോണ്‍ഗ്രസ് അധ്യക്ഷയെ അറിയിച്ചു. വിമതരുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നടപടി ആവശ്യപ്പെട്ട് അശോക് ഗെഹ്‌ലോട്ട്, സല്‍മാന്‍ ഖുര്‍ഷിദ് അടക്കമുള്ള നേതാക്കളും രംഗത്തെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഞായറാഴ്ച പ്രശംസിച്ചിരുന്നു. ചായക്കടക്കാരന്‍ ആയിരുന്നു എന്ന കാര്യം പ്രധാനമന്ത്രി ഒളിച്ച് വച്ചില്ലെന്നായിരുന്നു ഗുലാം നബി ആസാദിന്റെ പ്രസ്താവന.

നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ സാധ്യതകളെ വിമത നീക്കങ്ങള്‍ ബാധിക്കും എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. മറുവശത്ത് വിമതര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പാര്‍ട്ടി വിരുദ്ധമായി പരിഗണിച്ച് നടപടി വേണമെന്ന അഭിപ്രായം ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തി.

ഈ ഘട്ടത്തില്‍ അനുനയ നീക്കങ്ങള്‍ അവസാനിപ്പിക്കരുതെന്നാണ് എ കെ ആന്റണിയും, മല്ലികാര്‍ജുന്‍ ഗാര്‍ഖേയും അടക്കമുള്ള നേതാക്കളുടെ അഭിപ്രായം. സ്ഥാനാര്‍ത്ഥി പട്ടികകള്‍ അംഗീകരിക്കാനുള്ള യോഗങ്ങള്‍ അടുത്ത ദിവസം മുതലാണ് ആരംഭിക്കേണ്ടത്. ഇതിന് മുന്‍പായി വിമത സംഘത്തെ മയപ്പെടുത്താന്‍ അനൗദ്യോഗികമായെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ ചര്‍ച്ചകള്‍ നടത്തും എന്നാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →