കൊച്ചി: സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ വ്യവസ്ഥകള്‍ ഭേതഗതി ചെയ്യാതെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുളള 30 ദിവസത്തെ നോട്ടീസ് കാലാവധിയില്‍ ഇളവ് നല്‍കാനോ ഡിജിറ്റല്‍ വിവാഹത്തിന് അനുമതി നല്‍കാനോ കഴിയില്ലെന്ന് ഹൈക്കോടതി .നോട്ടീസ് കാലാവധി പൂര്‍ത്തിയാകും മുമ്പ് വിവാഹ രജിസ്‌ട്രേഷന്‍ അനുദിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് കക്കാട്ടിരി സ്വദേശിനിയായ യുവതി നല്‍കിയ ഹര്‍ജി തളളിക്കൊണ്ടാണ് ജസ്റ്റീസ് പി.വി ആശയുടെ ഉത്തരവ്.
2021 ജനുവരി 15ന് ഹര്‍ജിക്കാരിയും ആലപ്പുഴ സ്വദേശിയുമായുളള വിവാഹം നടന്നിരുന്നു.തുടര്‍ന്ന് പാലക്കാട് തൃത്താല പഞ്ചായത്തിലെ മാര്യേജ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയപ്പോള്‍ വ്യത്യസ്ഥ മതത്തില്‍ പെട്ടവരായതിനാല്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ആലപ്പുഴ പുളിങ്കുന്ന് പഞ്ചായത്തില്‍ അപേക്ഷ നല്‍കി. ഹര്‍ജിക്കാരിക്ക് ആയര്‍ലന്‍ഡിലെ ക്വീന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിന് പോകേണ്ടതിനാല്‍ 30 ദിവസത്തെ നോട്ടീസ് കാലാവധി ഇളവ് ചെയ്ത് വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
നോട്ടീസ് കാലാവധി കഴിഞ്ഞ് രജിസ്റ്റര്‍ ചെയ്യാനാണെങ്കില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ഹാജരാകാമെന്ന് ,യുവതി വ്യക്തമാക്കി. എന്നാല്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ വ്യവസ്ഥ പ്രകാരം 30 ദിവസ നോട്ടീസ് കാലാവധിക്കുപുറമേ വധൂവരന്മാരും മൂന്നുസാക്ഷികളും നേരിട്ട് ഹാജരായി സര്‍ട്ടിഫിക്കറ്റില്‍ ഒപ്പുവയ്ക്കുകയും വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ വ്യവസ്ഥകള്‍ കൃത്യമായ വാക്കുകളിലൂടെ നിര്‍വചിക്കപ്പെട്ടതാണെന്നും വ്യാഖാനത്തിലൂടെ നോട്ടീസ് കാലാവധിയിലോ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥയിലോ ഇളവ് സാദ്ധ്യമല്ലെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.

