ആലപ്പുഴ: സർക്കാരിന്റെ ലൈഫ് സമ്പൂർണ ഭവനസുരക്ഷാ പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തീകരിച്ച 2,50,547 വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ആദ്യ ഗുണഭോക്താവിനുള്ള പോളിസി സർട്ടിഫിക്കറ്റ് വിതരണം ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരത്ത് ധനകാര്യവകുപ്പ് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്ക് നിർവഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിക്കും. ചടങ്ങുകൾ ഓരോ തദ്ദേശസ്ഥാപനങ്ങളിലും നടക്കുന്ന ഗുണഭോക്താക്കളുടെ യോഗത്തിൽ തത്സമയം സംപ്രേഷണം ചെയ്യും. ജില്ലയിൽ പൂർത്തിയായ 17,620 വീടുകൾക്കാണ് പരിരക്ഷ ലഭിക്കുന്നത്. ഓരോ വീടിനും പരമാവധി നാലു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്തും. അഗ്‌നിബാധ, ഇടിമിന്നൽ, മറ്റു ദുരന്തങ്ങൾ, ലഹള, പ്രളയം അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ, റോഡ്-റെയിൽ വാഹനങ്ങൾ, മൃഗങ്ങൾ തുടങ്ങിയവയുടെ ഭാഗമായി വീടിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും.
ലൈഫ് മിഷൻ ഒന്ന്, രണ്ട് ഘട്ടം, ലൈഫ്- പി.എം.എ.വൈ പദ്ധതി എന്നിവ മുഖേന പൂർത്തീകരിച്ച വീടുകൾ, ലൈഫ് പദ്ധതിയുടെ ഭാഗമായി വകുപ്പുകൾ മുഖേന പൂർത്തീകരിച്ച വീടുകൾ എന്നിവയ്ക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. സംസ്ഥാന ഇൻഷ്വറൻസ് വകുപ്പും യുണൈറ്റഡ് ഇൻഷ്വറൻസ് കമ്പനിയും കോ- ഇൻഷ്വറൻസ് വ്യവസ്ഥയിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ മൂന്ന് വർഷത്തെ ഇൻഷ്വറൻസ് പ്രീമിയം സംസ്ഥാന സർക്കാർ ലൈഫ് മിഷൻ വഴി അടയ്ക്കും.
ഉദ്ഘാടനത്തിന് ശേഷം ഇൻഷ്വറൻസ് പോളിസി സംബന്ധിച്ച് വിശദമാക്കുന്ന ബ്രോഷർ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.